TMJ
searchnav-menu
post-thumbnail

ദ്യോകോവിച്ച് | Photo : PTI

TMJ Daily

മിയാമി ഓപ്പണില്‍ ദ്യോകോവിച്ചില്ല, പ്രശ്‌നം കോവിഡ് വാക്‌സിന്‍

18 Mar 2023   |   1 min Read
TMJ News Desk

ലോക റാങ്കിങില്‍ ഒന്നാമതുള്ള ടെന്നീസ് താരം നൊവാക് ദ്യോകോവിച്ചിന് കോവിഡ് വാക്‌സിന്റെ പേരില്‍ അടുത്തയാഴ്ചത്തെ മിയാമി ഓപ്പണ്‍ ടൂര്‍ണമെന്റും നഷ്ടമാവും. വാക്‌സിന്‍ എടുക്കാത്ത സെര്‍ബിയന്‍ താരത്തിന് വിസ നല്‍കാന്‍ യുഎസ്സ് സര്‍ക്കാര്‍ വിസമ്മതിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്. ദ്യോകോവിച്ച് ആറു തവണ കിരീടം ചൂടിയ മത്സരമാണ് മിയാമി ഓപ്പണ്‍.

യുഎസ്സില്‍ എത്തുന്ന വിദേശികള്‍ക്ക് ഇപ്പോഴും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാണ്. മേയ് മാസത്തില്‍ ഈ ഉപാധിയില്‍ മാറ്റം വരുമെന്നാണ് കരുതുന്നത്. ടെന്നീസ് താരത്തെ വാക്‌സിന്‍ ചട്ടത്തില്‍ നിന്ന് ഒഴിവാക്കാന്‍ ടൂര്‍ണമെന്റ് സംഘാടകര്‍ ആവതും ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, സംസ്ഥാനത്തെ സെനറ്റര്‍മാര്‍ എന്നിവരും ദ്യോകോവിച്ചിന് ഇളവ് നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ നടന്നുവരുന്ന ഇന്ത്യന്‍ വെല്‍സ് ഓപ്പണും മുപ്പത്തഞ്ചുകാരനായ സെര്‍ബിയന്‍ കളിക്കാരന് നഷ്ടമായിരുന്നു. സണ്‍ഷൈന്‍ ഡബിള്‍ എന്ന് അറിയപ്പെടുന്ന ഈ ടൂര്‍ണമെന്റുകളില്‍ 2019 മുതല്‍ ദ്യോകോവിച്ച് പങ്കെടുത്തിട്ടില്ല. ഇത് ആദ്യമായല്ല ലോക ഒന്നാം നമ്പര്‍ തരത്തിന് വാക്‌സിന്റെ പേരില്‍ അവസരം നഷ്ടമാകുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തിയ ദ്യോകോവിച്ചിനെ എയര്‍പോര്‍ട്ടില്‍ നിന്ന് ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു കൊണ്ടുപോവുകയും ദിവസങ്ങള്‍ക്കു ശേഷം തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ദ്യോകോവിച്ചിന് നല്‍കിയ പ്രത്യേക ഇളവിനെതിരെ ഓസ്‌ട്രേലിയയിലെ ജനങ്ങള്‍ പ്രതിഷേധിച്ചതോടെ അദ്ദേഹത്തെ തടയാനും വിസ റദ്ദാക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്നാല്‍, ഈ ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ദ്യോക്കോവിച്ച് പങ്കെടുക്കുകയും കിരീടം നേടുകയും ചെയ്തു.

ഗ്രാന്‍ഡ് സ്ലാം മത്സരങ്ങള്‍ നഷ്ടമായാലും കോവിഡ് വാക്‌സിന്‍ എടുക്കില്ലെന്നാണ് ദ്യോകോവിച്ചിന്റെ പക്ഷം. വാക്‌സിന്‍ എടുക്കേണ്ട എന്നത് തന്റെ സ്വാതന്ത്ര്യമായാണ് ദ്യോകോവിച്ച് അവകാശപ്പെടുന്നത്.എന്നാല്‍, വാക്‌സിന്‍ വിരുദ്ധതയും കപട ശാസ്ത്രീയ അവകാശവാദങ്ങളും കാരണം പലപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന വ്യക്തിയുമാണ് അദ്ദേഹം. സ്വന്തം രാജ്യമായ സെര്‍ബിയയിലെ അധാകാരികളും കളിക്കാരന്റെ വാക്‌സിന്‍ വിരുദ്ധ പൊതു പരാമര്‍ശങ്ങള്‍ക്കെതിരായി രംഗത്തു വന്നിട്ടുള്ളതാണ്.  സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയ 'ശാസ്ത്രീയ' അവകാശവാദങ്ങള്‍ പലതും വിദഗ്ധര്‍ തള്ളിക്കളഞ്ഞിട്ടുമുണ്ട്.


#Daily
Leave a comment