TMJ
searchnav-menu
post-thumbnail

TMJ Daily

യു.എസ് ഓപ്പണ്‍ ഫൈനലില്‍ ജോക്കോവിച്ച്-മെദ്വദേവ് പോരാട്ടം

09 Sep 2023   |   2 min Read
TMJ News Desk

യു.എസ് ഓപ്പണ്‍ പുരുഷ ഫൈനലില്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് റഷ്യന്‍ താരം ഡാനിയല്‍ മെദ്വദേവിനെ നേരിടും. ലോക ഒന്നാംനമ്പര്‍ താരം കാര്‍ലോസ് അല്‍കാരസിനെ തോല്‍പ്പിച്ച് ഡാനിയല്‍ മെദ്വദേവ് ഫൈനലില്‍ പ്രവേശിക്കുമ്പോള്‍ യു.എസ് താരം ബെന്‍ ഷെല്‍ട്ടണെ തോല്‍പ്പിച്ചാണ് ജോക്കോയുടെ ഫൈനല്‍ പ്രവേശനം. 2021 ലെ യു.എസ് ഓപ്പണ്‍ ഫൈനലില്‍ ഇരു താരങ്ങളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ അന്ന് വിജയം മെദ്വദേവിന്റെ കൂടെയായിരുന്നു. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 11 നാണ് ഫൈനല്‍. നാളെ നടക്കുന്ന വനിതാ വിഭാഗം ഫൈനലില്‍ ബെലാറൂസ് താരം അരീന സബലേങ്ക യു.എസ് താരം കൊക്കോ ഗൗഫിനെ നേരിടും.

ഈ വര്‍ഷത്തെ നാലാം ഗ്രാന്‍ഡ് സ്ലാം ഫൈനല്‍

യു.എസ് ഓപ്പണിന്റെ ഫൈനലില്‍ കൂടി ജോക്കോ കടന്നതോടെ ഈ വര്‍ഷം നടന്ന നാല് ഗ്രാന്‍ഡ് സ്ലാം ഫൈനലില്‍ അദ്ദേഹം പ്രവേശിച്ചിരിക്കുകയാണ്. ഓസ്ട്രേലിയന്‍ ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ജോക്കോ വിജയിച്ചിരുന്നെങ്കിലും വിംബിള്‍ഡണ്‍ ഫൈനലില്‍ അല്‍കാരസിനോട് തോല്‍ക്കുകയായിരുന്നു. അതിന് ശേഷം നടന്ന സിന്‍സിനാറ്റി മാസ്റ്റേഴ്സിന്റെ ഫൈനലില്‍ അല്‍കാരസിനെ ജോക്കോ തോല്‍പ്പിക്കുകയും ചെയ്്തിരുന്നു. യു.എസ് താരമായ ബെന്‍ ഷെല്‍ട്ടണെ തോല്‍പ്പിച്ചാണ് ഇപ്പോള്‍ ജോക്കോ യു.എസ് ഓപ്പണിന്റെ ഫൈനലില്‍ കടന്നിരിക്കുന്നത്. ആദ്യത്തെ രണ്ട് സെറ്റുകള്‍ ജോക്കോ മികച്ച സ്‌കോറിന് വിജയിച്ചുവെങ്കിലും മൂന്നാമത്തെ സെറ്റ് കടുത്തതായിരുന്നു. 3-6,2-6,6(4)-7(7) എന്ന സ്‌കോറിനാണ് ജോക്കോയുടെ വിജയം. കരിയറിലെ മുപ്പത്തിയാറാം ഗ്രാന്‍ഡ് സ്ലാം ഫൈനലിനിറങ്ങുന്ന നൊവാക് ജോക്കോവിച്ച് ലക്ഷ്യമിടുന്നത് തന്റെ 24-ാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ്. മറ്റ് ഗ്രാന്‍ഡ് സ്ലാം ഫൈനലുകളെ നോക്കിയാല്‍ ജോക്കോയ്ക്ക് യു.എസ് ഓപ്പണ്‍ ഫൈനല്‍ എല്ലാ കാലത്തും കുറച്ച് കടുത്തതാണ്. ഇതുവരെ 9 യു.എസ് ഓപ്പണ്‍ ഫൈനലിനിറങ്ങിയ ജോക്കോവിച്ച് ആകെ വിജയിച്ചത് 3 എണ്ണത്തില്‍ മാത്രമാണ്. 

അല്‍കാരസിനെ തോല്‍പ്പിച്ചെത്തുന്ന മെദ്വദേവ്.

കഴിഞ്ഞ വര്‍ഷത്തെ യു.എസ് ഓപ്പണ്‍ വിജയിയും ലോക ഒന്നാംനമ്പര്‍ താരവുമായ കാര്‍ലോസ് അല്‍കാരസിനെ തോല്‍പ്പിച്ചാണ് റഷ്യന്‍ താരം ഡാനിയല്‍ മെദ്വദേവ് ഫൈനലിനെത്തുന്നത്. ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന സെമിഫൈനലില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മെദ്വദേവിന്റെ വിജയം. 6(3)-7(7),1-6,6-3,3-6 എന്ന സ്‌കോറിന് അല്‍കാരസിനെ പരാജയപ്പെടുത്തിയാണ് ഡാനിയല്‍ മെദ്വദേവ് ഫൈനലിലെത്തുന്നത്. കരിയറില്‍ രണ്ട് യു.എസ് ഓപ്പണ്‍ ഫൈനലിലുള്‍പ്പടെ നാല് ഗ്രാന്‍ഡ് സ്ലാം ഫൈനലിന്റെ ഭാഗമായ മെദ്വദേവിന് 2021 ലെ യു.എസ് ഓപ്പണ്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞിരുന്നുള്ളു. 2021 നെ കൂടാതെ 2019 ലെ യു.എസ് ഓപ്പണ്‍ ഫൈനലിലെത്തിയ മെദ്വദേവ് അന്ന് സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാലിനോട് പരാജയപ്പെടുകയായിരുന്നു.


#Daily
Leave a comment