PHOTO: PTI
വിവിപാറ്റ് സ്ഥാപിക്കുന്നത് വോട്ടില്‍ കൃത്രിമം കാണിക്കാന്‍ ഇടയാക്കുമെന്ന് ഡിഎംകെ
ബാലറ്റ് യൂണിറ്റിനും (ബിയു) കണ്‍ട്രോള്‍ യൂണിറ്റിനും (സിയു) ഇടയില്‍ വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) സ്ഥാപിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഭരണകക്ഷിയായ ഡിഎംകെ. ഡിഎംകെയുടെ സംഘടനാ സെക്രട്ടറി ആര്‍എസ് ഭാരതിയും രാജ്യസഭാ എംപി എന്‍ആര്‍ ഇളങ്കോയുമാണ് വിവിപാറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പാര്‍ട്ടിയുടെ ആശങ്കകള്‍ അവതരിപ്പിച്ചത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പാര്‍ട്ടി ഇക്കാര്യം ഉന്നയിച്ചത്.
ബാലറ്റ് യൂണിറ്റിനും കണ്‍ട്രോള്‍ യൂണിറ്റിനും ഇടയില്‍ വിവിപാറ്റ് സ്ഥാപിക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നിയമങ്ങളില്‍ വ്യവസ്ഥയില്ലെന്നും ആദ്യം ബാലറ്റ് യൂണിറ്റില്‍ നിന്ന് വിവിപാറ്റിലേക്കും പിന്നീട് വിവിപാറ്റില്‍ നിന്ന് കണ്‍ട്രോള്‍ യൂണിറ്റിനും ആശയവിനിമയം നടക്കുമെന്ന് പാര്‍ട്ടി വാദിച്ചു. പകരം, രണ്ടിലേക്കും ഒരേസമയം ഇന്‍പുട്ട് സിഗ്നല്‍ സംപ്രേഷണം ഉറപ്പാക്കുന്നതിന് കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവയ്ക്ക് സമാന്തരമായി ബാലറ്റ് യൂണിറ്റ് ബന്ധിപ്പിക്കണമെന്ന് നിര്‍ദ്ദേശിച്ച ഡിഎംകെ ഓരോ അസംബ്ലി മണ്ഡലത്തിലും അഞ്ച് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ക്ക് പകരം 100% വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണാനും പാര്‍ട്ടി ആവശ്യപ്പെട്ടു.
സുരക്ഷ ഉറപ്പാക്കണമെന്ന് എഐഎഡിഎംകെ
സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യപ്പെട്ട എഐഎഡിഎംകെ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്നും സെന്‍സിറ്റീവ് പോളിംഗ് ബൂത്തുകളില്‍ സുരക്ഷാ സേനയെ വര്‍ധിപ്പിക്കണമെന്നും പോളിംഗ് പട്ടികയില്‍ നിന്ന് ഡ്യൂപ്ലിക്കേറ്റും മരിച്ചവരുടെ എന്‍ട്രികളും ഉടന്‍ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു. എല്ലാ ബൂത്തുകളിലും, സ്‌ട്രോങ് റൂമുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും ബിജെപിയെ പ്രതിനിധീകരിച്ച് ത്യാഗരാജന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.
തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ഇവിഎം വോട്ടുകളുടെ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് വിവിപാറ്റ് സ്ലിപ്പുകളുടെ 100% എണ്ണല്‍ നിര്‍ബന്ധമാക്കണമെന്നും ആവശ്യപ്പെട്ട് വിടുതലൈ ചിരുതൈകള്‍ കച്ചി (വിസികെ) പ്രതിഷേധവും സംഘടിപ്പിച്ചു.