
ചാറ്റ്ജിപിടിയും ഡീപ്‌സീക്കും ഉപയോഗിക്കരുത്; ജീവനക്കാര്‍ക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം
ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ചാറ്റ്ജിപിടിയും ഡീപ്‌സീക്കും ഉപയോഗിക്കരുതെന്ന് കേന്ദ്ര ധനമന്ത്രാലയം ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ രേഖകള്‍, ഡാറ്റ എന്നിവ ചോരാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചാണ് ജീവനക്കാര്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയത്.
ഓസ്‌ട്രേലിയ, ഇറ്റലി പോലുള്ള രാജ്യങ്ങളും ഡീപ്‌സീക്ക് ഉപയോഗിക്കുന്നതിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 29ന് ഉദ്യോഗസ്ഥര്‍ക്ക് അയച്ച നിര്‍ദ്ദേശം ഓപ്പണ്‍എഐ തലവന്‍ സാം ആള്‍ട്ട്മാന്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്ന അവസരത്തിലാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്തിയത്. അദ്ദേഹം ഐടി മന്ത്രിയേയും സന്ദര്‍ശിക്കുന്നുണ്ട്.
ധനമന്ത്രാലയം, ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍എഐ, ഡീപ്‌സീക്ക് എന്നിവ ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഈ നിര്‍ദ്ദേശം യഥാര്‍ത്ഥത്തില്‍ നല്‍കിയതാണെന്ന് മൂന്ന് ധന മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ നോട്ട് ഈ ആഴ്ച്ചയില്‍ ജീവനക്കാര്‍ക്ക് നല്‍കിയതാണെന്നും അവര്‍ സ്ഥിരീകരിച്ചു.
ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങള്‍ ഓപ്പണ്‍എഐയ്ക്ക് എതിരെ പകര്‍പ്പവകാശ ലംഘന കേസുകള്‍ നല്‍കിയിട്ടുണ്ട്.


