
ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍
എന്തുവേണമെങ്കിലും ചെയ്‌തോളൂ, നിങ്ങളോട് ചര്‍ച്ചയില്ല: ട്രംപിനോട് ഇറാന്‍
യുഎസുമായി ചര്‍ച്ചകള്‍ നടത്തില്ലെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയന്‍ പറഞ്ഞു. നിങ്ങള്‍ക്കിഷ്ടമുള്ള എന്തുവേണമെങ്കിലും ചെയ്‌തോളുവെന്ന് ട്രംപിനോട് മസൂദ് പറഞ്ഞു.
'അവര്‍ ഉത്തരവുകള്‍ നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാകില്ല. നിങ്ങളുമായി ചര്‍ച്ച നടത്തുകപോലുമില്ല. നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്‌തോളൂ,' എന്ന് മസൂദ് പറഞ്ഞു.
ഭീഷണിപ്പെടുത്തി ഇറാനെ ചര്‍ച്ചകളിലേക്ക് കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരു പുതിയ ആണവ കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ ഇറാനോട് ആവശ്യപ്പെട്ടു കൊണ്ട് താന്‍ കത്തയച്ചുവെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഖമേനിയുടെ പ്രസ്താവന വന്നത്.
തന്റെ ആദ്യ ഭരണകാലത്തില്‍ ആഗോള സമ്പദ് വ്യവസ്ഥയില്‍ നിന്നും ഇറാനെ ഒറ്റപ്പെടുത്താന്‍ പരമാവധി സമ്മര്‍ദ്ദത്തോടു കൂടിയ പ്രചരണം നടത്തിയിരുന്നുവെന്നും ഇറാന്റെ എണ്ണക്കയറ്റുമതിയെ പൂജ്യമാക്കുകയും ചെയ്തിരുവന്നുവെന്ന് ട്രംപ് കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു.
തങ്ങള്‍ ആണവായുധം വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ പറഞ്ഞിട്ടുണ്ട്. എങ്കിലും ഇറാന്‍ 60 ശതമാനം ശുദ്ധതയോടെ യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനുള്ള പ്രവര്‍ത്തനം നാടകീയമായി വര്‍ദ്ധിപ്പിച്ചുവെന്ന് അന്താരാഷ്ട്ര ആണവ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവായുധ നിര്‍മ്മാണത്തിനായുള്ള യുറേനിയത്തിന് 90 ശതമാനം ശുദ്ധത ആവശ്യമുണ്ട്.