
ശ്വാസകോശ അർബുദത്തിന് മരുന്നുകളുടെ സംയോജിത ചികിത്സ ഫലപ്രദമെന്ന് ഡോക്ടർമാർ
ശ്വാസകോശ അർബുദത്തിന് നിലവിലുള്ള ചികിത്സാ രിതീയേക്കാൾ മരുന്നുകളുടെ സംയോജിത ചികിത്സ കൂടുതൽ ഫലപ്രദമെന്ന് ഡോക്ടർമാർ. പരമ്പരാഗത ചികിത്സാരീതിയേക്കാൾ 40 ശതമാനം കൂടുതൽ ഫലപ്രദമായി പുതിയ രീതി ഗുണഫലം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതായും അതിശയകരമായ രീതിയിലുള്ള ഫലങ്ങളാണ് ഇവ നൽകുന്നതെന്നും ഡോക്ടർമാർ പറയുന്നു. ശ്വാസകോശ അർബുദമാണ് ലോകത്തിലെ കാൻസർ മരണങ്ങളുടെ പ്രധാന കാരണമായി പറയുന്നത്, 1.8 മില്യൺ മരണങ്ങളാണ് പ്രതിവർഷം ശ്വാസകോശ അർബുദം മൂലം സംഭവിക്കുന്നത്. ട്യൂമറുകളുടെ രൂപത്തിൽ വ്യാപിക്കുന്ന ഈ അസുഖത്തിൽ നിന്നുള്ള അതിജീവന നിരക്ക് വളരെ കുറവാണ്.
അമിവന്റമാബ്, ലാസർട്ടിനിബ് എന്നീ മരുന്നുകളുടെ സംയോജിത ചികിത്സയിൽ ശ്വാസകോശ അർബുദരോഗികളിൽ ഏറെയും ഏകദേശം 23.7 മാസത്തിനും ശേഷവും രോഗവ്യാപനമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതായി റിപ്പോർട്ടുകൾ പറയുന്നു. സാധാരണ ഉപയോഗിക്കുന്ന ഒസിമെർട്ടിനിബ് എന്ന മരുന്ന് കഴിക്കുന്നവരിലെ അതിജീവിന സമയം ഏകദേശം 16.6 മാസമാണ്. കാൻസർ ഗവേഷണത്തിനിടയിലെ സുവർണ്ണ കാലഘട്ടത്തിനിടയിലാണ് ഇത്തരമൊരു കണ്ടെത്തൽ. ട്യൂമറുകളെ ഉത്തേജിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്നും അവയെ മറികടക്കാനുള്ള വഴികൾ കണ്ടെത്താനും ഇത്തരം ഗവേഷണങ്ങൾ സഹായകമായേക്കാം.
ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുന്ന ജീവശാസ്ത്രപരമായ കാരണങ്ങൾ കണ്ടെത്തുന്നതിനും, അവശ്യമായ ചികിത്സയിലേക്ക് നയിക്കുന്നതിനും ഇത് സഹായകമാകുമെന്ന് യുകെയിലെ യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജിസ്റ്റും പരീക്ഷണത്തിന്റെ ചീഫ് ഇൻവസ്റ്റിഗേറ്ററുമായ പ്രൊ. മാർട്ടിൻ ഫോസ്റ്റർ അഭിപ്രായപ്പെട്ടു. കുറച്ച് വർഷങ്ങൾ മുമ്പ് വരെ കാൻസർ ചികിത്സയിലെ ഒരു മികച്ച മരുന്നായി വിശേഷിപ്പിച്ചിരുന്ന ഒസിമെർട്ടിനിബിന് ബദലായി കൂടുതൽ ഫലം ചെയ്യുന്ന മരുന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്നും പ്രൊ. മാർട്ടിൻ പറഞ്ഞു.
മൂന്നാഘട്ട പരീക്ഷണത്തിൽ യുകെ, യുഎസ്, ഓസ്ട്രേലിയ, ഫ്രാൻസ്, ഇന്ത്യ, ബ്രസീൽ എന്നിവടങ്ങളിൽ നിന്നുള്ള 1074 രോഗികളിൽ 2020നും 2022നുമിടയിലാണ് ഇതിന്റെ പരീക്ഷണം നടത്തുന്നത്.പരീക്ഷണത്തിൽ യുകെ വിഭാഗത്തിൽ, യൂണിവേഴ്സിറ്റി കോളേജ് എൻഎച്ച്എസ് ട്രസ്റ്റ്, ദി ക്രിസ്റ്റ് ഇൻ മാഞ്ചസ്റ്റർ, ലണ്ടനിലെ ചെൽസ ആന്റ് വെസ്റ്റ്മിൻസ്റ്റർ ഹോസ്പിറ്റൽ എന്നിവടങ്ങളിൽ നിന്നുള്ള രോഗികളെയാണ് ഉൾപ്പെടുത്തിയിരുന്നത്.
പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാവരിലും ഒരു ജീനിന്റെ ജനിതകമാറ്റം ദൃശ്യമായിരുന്നു. ഇത് ആഗോള ശ്വാസകോശ അർബുദ കേസുകളിൽ നാലിലൊന്നിലും,40 ശതമാനം ആളുകളിലും കണ്ടുവരുന്നു. ഇത് സ്ത്രീകളിലും പുരുഷൻന്മാരിലും ഒരുപോലെ കണ്ടുവരുന്നു.
അമിവന്റമാബ്, ലാസർട്ടിനിബ് എന്നീ മരുന്നുകളുടെ സംയോജിത ചികിത്സ കുറച്ചു രോഗികളിലും ബാക്കിയുള്ളവരിൽ സാധാരണ ഉപയോഗിക്കുന്ന മരുന്നുകളുമാണ് പരീക്ഷിച്ചത്. അമിവന്റമാബ് ഒരു ആന്റിബോഡിയും ലാസർട്ടിനിബ് ഇൻഹെറിറ്ററുമാണ് ഇവ രണ്ടും കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്നവയാണ്. യുഎസിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഈ മരുന്നുകളുടെ സംയോജിത ചികിത്സയ്ക്ക് അംഗീകാരം നൽകിയത്.