
ഉമ തോമസിന് വീഴ്ച്ചയുടെ കാര്യം ഓര്‍മയില്ലെന്ന് ഡോക്ടര്‍മാര്‍
തൃക്കാക്കര എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ശ്വാസകോശത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം വെന്റിലേറ്റര്‍ സഹായം തുടരാനാണ് തീരുമാനമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
'വേദനയുണ്ടെന്ന് എം എല്‍ എ പറഞ്ഞു. വീഴ്ചയുടെ കാര്യം ഓര്‍മ്മയില്ല. സ്വന്തമായി ശ്വാസം എടുക്കുകയും കൈ കാലുകള്‍ അനക്കുകയും ചെയ്യുന്നുണ്ട്. ഒന്നു രണ്ടു ദിവസം കൂടി വെന്റിലേറ്റര്‍ തുടരും,'' പോളക്കുളത്ത് നാരായണന്‍ റെനെ മെഡിസിറ്റിയില്‍ ഉമയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു.
തൃക്കാക്കര എംഎല്‍എ ഉമാ തോമസിന് അപകടം സംഭവിച്ച കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിലെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് പാലാരിവട്ടം പൊലീസ് അന്വേഷണം തുടങ്ങി. കലൂര്‍ സ്വദേശിനിയായ ബിജിയുടെ പരാതിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴി പൊലീസ് എടുക്കും.
മൃദംഗ വിഷന്‍ എംഡി നിഗോഷ് കുമാര്‍, നിഗോഷിന്റെ ഭാര്യ, മൃദംഗവിഷന്‍ സിഇഒ ഷെമീര്‍ അബ്ദുള്‍ റഹിം, പൂര്‍ണ്ണിമ എന്നിവരാണ് കേസിലെ പ്രതികള്‍. വിശ്വാസ വഞ്ചനയ്ക്കാണ് കേസ്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318(4), 3 (5) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
സംഘാടകര്‍ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും അല്ലാതെയും വിശ്വാസ വഞ്ചന നടത്തിയെന്ന് ബിജി പറയുന്നു. പരിപാടിക്കായി ആദ്യം 2000 രൂപയും പിന്നീട് വസ്ത്രത്തിനായി 1600 രൂപയും വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു.
ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയില്‍ സംഘാടകര്‍ റെക്കോഡ് വേദിയില്‍ വച്ച് ഏറ്റുവാങ്ങി. എന്നാല്‍ പങ്കെടുത്തവര്‍ക്ക് ഇത് സംബന്ധിച്ച് സമ്മാനങ്ങള്‍ നല്‍കിയില്ലെന്ന് ബിജി ആരോപിച്ചു.