ഡൊണാൾഡ് ട്രംപ്: Photo: PTI
ട്രംപ് ഇന്ന് കോടതിയിൽ
നടി സ്റ്റോമി ഡാനിയേൽസിന് പണം നൽകിയ കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ. മാൻഹാട്ടൻ ക്രിമിനൽ കോടതിയിൽ എത്തി കീഴടങ്ങുമെന്നാണ് സൂചന. കോടതിക്ക് സമീപവും ട്രംപ് ടവറിനു മുന്നിലും ന്യൂയോർക്ക് പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ക്രിമിനൽ കുറ്റം ചുമത്തപ്പെടുന്ന ആദ്യ മുൻ യുഎസ് പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്. കോടതിയിലെത്തിയാൽ അറസ്റ്റ് നടപടികളുടെ ഭാഗമായി വിരലടയാളം രേഖപ്പെടുത്തുമെന്നും എന്നാൽ ട്രംപിന് വിലങ്ങു വെക്കില്ലെന്ന് കോടതി ഉറപ്പു നൽകിയതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ ജോ ടകോപിന പറഞ്ഞിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി എംപി മാർജറി ടെയ്‌ലർ ന്യൂയോർക്കിൽ പ്രതിഷേധിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് 36,000 പൊലീസുകാരെ സുരക്ഷാചുമതലയ്ക്ക് നിയോഗിച്ചിട്ടുണ്ട്.
നടി സ്റ്റോമി ഡാനിയേൽസുമായുള്ള ബന്ധം മറച്ചു വെക്കുന്നതിനു വേണ്ടി 2016 ൽ അവർക്ക് 1,30,000 ഡോളർ നൽകിയെന്നാണ് കേസ്. എന്നാൽ ബിസിനസ് ആവശ്യങ്ങൾക്കായാണ് പണം ചിലവഴിച്ചത്, ഇത് രാഷ്ട്രീയ പകപോക്കലാണെന്നും ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു.