
സമാധാനക്കരാറിൽ എത്തിയില്ലെങ്കിൽ റഷ്യയുടെ താരിഫ് നിരക്കുകൾ വർദ്ധിപ്പിക്കുമെന്ന് ട്രംപ്
യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാനക്കരാറിലേക്ക് എത്തിയില്ലെങ്കിൽ റഷ്യയുടെ താരിഫ് നിരക്കുകൾ ഉയർത്തുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിരക്ക് വർദ്ധനവ് റഷ്യയോടൊപ്പം യുദ്ധത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങൾക്കും ബാധകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് വർഷത്തിലധികമായി തുടരുന്ന ഏറ്റുമുട്ടൽ അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മുൻകൈ എടുത്തില്ലെങ്കിൽ, റഷ്യയ്ക്കെതിരെ വിലക്കുകൾ ഏർപ്പെടുത്തുമെന്നും ട്രൂത് സോഷ്യലിൽ ട്രംപ് കുറിച്ചു. കരാറിലേക്ക് എത്തിയില്ലെങ്കിൽ യുഎസിൽ റഷ്യ വിൽക്കുന്ന എല്ലാ ഉത്പന്നങ്ങൾക്ക് നേരെയും ഉയർന്ന താരിഫ്, ടാക്സ് കൂടാതെ ഉപരോധവും ഏർപ്പെടുത്തുക എന്നല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ട്രംപ് പറഞ്ഞു.
റഷ്യയുടെ ബാങ്കിങ്, പ്രതിരോധം, നിർമാണം, ഊർജ്ജം, സാങ്കേതികം തുടങ്ങി എല്ലാ മേഖലകൾക്കും നേരെയും മുൻ പ്രസിഡന്റ് ജോ ബൈഡന്റെ നേതൃത്വത്തിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ‘കരാർ’ എന്നത് കൊണ്ട് ട്രംപ് എന്താണുദ്ദേശിക്കുന്നത് എന്ന് നോക്കേണ്ടതുണ്ട് എന്ന് റഷ്യയുടെ ഡെപ്യൂട്ടി യുഎൻ അംബാസഡർ ദിമിത്രി പോളിയാൻസ്കി പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കുക എന്നതിലുപരി യുക്രൈൻ പ്രശ്നത്തിന്റെ മൂലകാരണം അഭിസംബോധന ചെയ്യുക എന്നതാണ് പ്രധാനമെന്നും പോളിയാൻസ്കി പറഞ്ഞു.
പ്രസിഡന്റായി ചുമതലയേറ്റ് ആദ്യ ദിവസം തന്നെ റഷ്യ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ യുദ്ധം അവസാനിപ്പിക്കണമെങ്കിൽ മാസങ്ങളോ അതിൽ കൂടുതലോ എടുത്തേക്കുമെന്ന് ട്രംപിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു. ചൈന, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങൾക്ക് നേരെയും വാണിജ്യപരമല്ലാത്ത ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി, താരിഫ് വർദ്ധന എന്ന ആയുധമാണ് ട്രംപ് ഉപയോഗപ്പെടുത്തുന്നത്.