
വെനസ്വേലയിൽ സിഐഎ ഓപ്പറേഷനുമായി ഡൊണാൾഡ് ട്രംപ്
വെനസ്വേലയ്‌ക്കെതിരെയുള്ള നടപടികൾ കൂടുതൽ കടുപ്പിക്കാൻ ഒരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിൽ സിഐഎയെ ഇറക്കാൻ തീരുമാനിച്ചിരിക്കുകയാണ് ട്രംപ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അധികാരത്തിൽ നിന്നും താഴെ ഇറക്കാനും അറസ്റ്റ് ചെയ്യാനുമാണ് സിഐഎയെ ഏർപ്പെടുത്തുക എന്നും ട്രംപ് അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ലഹരി മാഫിയകളുടെ താവളമാണ് വെനസ്വേലയെന്ന് നിരന്തരം ആരോപിക്കുന്ന ട്രംപ് ഭരണകൂടം, പല തവണകളിലായി മയക്കുമരുന്ന് കടത്തുന്നു എന്ന് ആരോപിച്ച് അനേകം വെനസ്വേലൻ ബോട്ടുകളെ കരീബിയൻ തീരത്ത് ആക്രമിക്കുകയും 27 വെനസ്വേലൻ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മഡൂറോ പറഞ്ഞതായി വെനസ്വേലൻ മാധ്യമമായ ടെലിസെർ ടിവി റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി അമേരിക്ക ഏർപ്പെടുത്തിയ ഉപരോധങ്ങൾ മൂലം വെനസ്വേലൻ സാമ്പത്തിക വ്യവസ്ഥ തകർച്ചയുടെ വക്കിലായിരുന്നു. എന്നാൽ 2023 മുതൽ മഡൂറോയുടെ കീഴിൽ വെനസ്വേലൻ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെട്ട് വരികയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് ട്രംപിന്റെ സിഐഎ നീക്കം.


