
എന്നെ ടീമിലെടുക്കണ്ട, ബ്രേക്ക് വേണം; കെ എല്‍ രാഹുല്‍ അഗാര്‍ക്കറോട്
അടുത്തിടെ ഓസ്‌ട്രേലിയയില്‍ അവസാനിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടേയും ക്രിക്കറ്റ് താരങ്ങളെ മാനസികമായും ശാരീരികമായും തളര്‍ത്തിയിരുന്നു. അതിനാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ ഇടവേളയെടുക്കാന്‍ തീരുമാനിച്ചു. അജിത് അഗാര്‍ക്കര്‍ നേതൃത്വം നല്‍കുന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയോട് അടുത്ത് നടക്കുന്ന പരമ്പരയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്.
ഈ മാസം 22-ന് ഇംഗ്ലണ്ടിനെതിരായ പരമ്പര കൊല്‍ക്കത്തയില്‍ ആരംഭിക്കും. അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളുമാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നത്. ഫെബ്രുവരി 19-ന് ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കാന്‍ ഇരിക്കേ ഈ പരമ്പര രണ്ട് രാജ്യങ്ങളിലേയും താരങ്ങള്‍ക്ക് നിര്‍ണായകം ആണ്.
ഇംഗ്ലണ്ടിന് എതിരായ പരമ്പരയില്‍ കളിക്കുന്നില്ലെങ്കിലും ചാമ്പ്യന്‍സ് ട്രോഫി കളിക്കാനുള്ള താല്‍പര്യം അദ്ദേഹം സെലക്ടര്‍മാരെ അറിയിച്ചു. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കുമ്പോള്‍ ബാക്കിയുള്ള മത്സരങ്ങള്‍ പാകിസ്ഥാനിലാണ് നടക്കുന്നത്. ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് പോകാത്തതു മൂലമാണ് മത്സരങ്ങള്‍ ദുബായില്‍ നടത്തുന്നത്.
ഇന്ത്യയുടെ ബാറ്റിങ് നിര ഓസ്‌ട്രേലിയക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ റണ്‍സ് എടുക്കാന്‍ കഴിയാതെ കുഴങ്ങി തകര്‍ന്നുവെങ്കിലും റണ്‍സ് നേടിയ ഏതാനും താരങ്ങളില്‍ ഒന്ന് രാഹുലാണ്. ഇന്ത്യയ്ക്കുവേണ്ടി പേസിനെ പിന്തുണയ്ക്കുന്ന ഓസീസ് പിച്ചുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ മൂന്നാം സ്ഥാനത്തായിരുന്നു രാഹുല്‍. 10 ഇന്നിങ്‌സുകളില്‍ നിന്നും 30.66 ശരാശരിയില്‍ 276 റണ്‍സ് നേടിയിരുന്നു.
ഇന്ത്യ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി 3-1 എന്ന നിലയില്‍ ഓസീസിന് പത്ത് വര്‍ഷത്തിനുശേഷം അടിയറവച്ചിരുന്നു.