ഡോ. ഷഹ്നയുടെ ആത്മഹത്യ: റുവൈസിന്റെ തുടര്‍പഠനം തടഞ്ഞ് ഹൈക്കോടതി
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിജി അവസാനവര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന ഡോ. ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയായ ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. റുവൈസിന് പഠനം തുടരാന്‍ അനുമതി നല്‍കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
റുവൈസിന്റെ സസ്‌പെന്‍ഷന്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടാന്‍ മെഡിക്കല്‍ കോളേജ് നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി ഒരാഴ്ച്ചയ്ക്കകം അച്ചടക്ക നടപടി പുനപരിശോധിച്ച് തീരുമാനമെടുക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ അപ്പീലിലാണ് നടപടി.
ഡോ. ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഡോ. റുവൈസിന് പഠനം തുടരാമെന്ന് ഈ മാസം 14 ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസാണ് ഉത്തരവിട്ടത്. റുവൈസിന്റെ പഠനം വിലക്കിയ ആരോഗ്യ സര്‍വകലാശാലയുടെ ഉത്തരവും കോടതി സ്‌റ്റേ ചെയ്തിരുന്നു. പിജി വിദ്യാര്‍ത്ഥിയായ റുവൈസിനെ പഠനം തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ പരിഹരിക്കാനാവാത്ത നഷ്ടം ഉണ്ടാകുമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍. ഒരാഴ്ച്ചയ്ക്കകം പ്രവേശനം അനുവദിക്കാനും കോടതി കോളേജ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2023 ഡിസംബര്‍ നാലിനാണ് ഷഹ്ന ആത്മഹത്യ ചെയ്തത്. താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് കാണിച്ച് ഷഹ്ന റുവൈസിന് വാട്‌സ് ആപ് സന്ദേശം അയച്ചിരുന്നെങ്കിലും റുവൈസ് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. സന്ദേശം ലഭിച്ചതിനു പിന്നാലെ റുവൈസ് ഷഹ്നയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് റുവൈസിനെതിരെ കേസെടുത്തിട്ടുള്ളത്.