
PHOTO: FACEBOOK
ഡോ. വന്ദന കൊലക്കേസ്: സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍; സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാം
ഡോ. വനന്ദ ദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാമെന്നും താല്പര്യമുള്ള അഭിഭാഷകന്റെ പേര് നിര്‍ദേശിക്കാന്‍ മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഹര്‍ജിയില്‍ കക്ഷിചേരാന്‍ പ്രതി സന്ദീപിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി അന്തിമ വാദത്തിനായി ഈ മാസം 18 ലേക്ക് മാറ്റി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്. സംസ്ഥാന പോലീസ് മേധാവി ഇതുവരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ നല്‍കി.
ക്രൈംബ്രാഞ്ചില്‍ വിശ്വാസമില്ല
പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും,സുരക്ഷാവീഴ്ചകള്‍ പോലീസ് പരിശോധിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പ്രതി അക്രമിക്കാന്‍ എത്തിയപ്പോള്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന പോലീസുകാര്‍ പുറത്തേക്ക് ഓടിയതിലൂടെ അവര്‍ ഉത്തരവാദിത്തത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു ചെയ്തത്. ആവശ്യമായ ചികിത്സ വന്ദനയ്ക്ക് കിട്ടിയില്ലെന്നും, ചികിത്സാ നടപടിയില്‍ ദുരൂഹതയുണ്ടെന്നും കുടുംബം പറയുന്നു. അക്രമാസക്തമായ പ്രതിയെ വിലങ്ങണിയിക്കാതെ ആശുപത്രിയില്‍ എന്തുകൊണ്ടാണ് എത്തിച്ചതെന്ന് അറിയണമെന്നും മാതാപിതാക്കള്‍ ഹര്‍ജിയില്‍ ചോദിക്കുന്നു.
കേരളത്തെ ഞെട്ടിച്ച കൊലപാതകം
2023 മെയ് 12 നാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായ ഡോ.വന്ദന ദാസ് ക്രൂരമായി കൊലചെയ്യപ്പെടുന്നത്. അയല്‍വാസികളും ബന്ധുക്കളും തമ്മിലുണ്ടായ വഴക്കിനിടെ കാലുകള്‍ക്ക് പരുക്കേറ്റ കൊല്ലം നെടുമ്പന സ്വദേശിയും സ്‌കൂള്‍ അധ്യാപകനുമായ സന്ദീപിനെ പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ അക്രമാസക്തനായ സന്ദീപ് വന്ദനയ്ക്കുനേരെ സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ശ്വാസകോശത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് ഡോ. വനന്ദനയുടെ മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.