
ഗോമൂത്രം കുടിച്ചാല്‍ പനി മാറും; വിവാദ പ്രസ്താവനയുമായി ഐഐടി ഡയറക്ടര്‍
മദ്രാസ് ഐഐടി ഡയറക്ടറായ വി കാമകോടി പശുവിന്റെ മൂത്രത്തിന്റെ ഔഷധ മൂല്യത്തെ പ്രശംസിക്കുന്ന വീഡിയോ പുറത്ത്. ഗോമൂത്രത്തിന് ബാക്ടീരിയയേയും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവുകള്‍ ഉണ്ടെന്ന് കാമകോടി വീഡിയോയില്‍ പറയുന്നു.
ജനുവരി 15ന് മാട്ടുപൊങ്കല്‍ ദിനവുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ഐഐടി ഡയറക്ടര്‍ തെറ്റിദ്ധാരണാജനകവും അശാസ്ത്രീയവുമായ പ്രസ്താവന നടത്തിയത്.
അദ്ദേഹത്തിന്റെ അച്ഛന് പനി വന്നപ്പോള്‍ ഒരു സന്യാസിയുടെ നിര്‍ദ്ദേശപ്രകാരം ഗോമൂത്രം കുടിച്ചുവെന്നും ഉടന്‍ തന്നെ പനി മാറിയെന്നും ജൈവ കര്‍ഷകന്‍ കൂടിയായ ഡയറക്ടര്‍ പറയുന്നു.
പ്രസ്താവനയ്‌ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനയായ ടിഎസ്എഫ് രംഗത്തെത്തി. ഗോമൂത്രമെന്നത് ശാസ്ത്രീയമായി പശുവിന്റെ വിസര്‍ജ്യമാണെന്നും അസുഖമുള്ള പശുവിന്റെ മൂത്രമാണെങ്കില്‍ അത് കുടിക്കുന്ന മനുഷ്യര്‍ക്ക് ദോഷം ചെയ്യുമെന്നും സംഘടന പറയുന്നു. പശുവിന്റെ മൂത്രത്തില്‍ അടങ്ങിയിരിക്കുന്ന സൂക്ഷ്മാണുക്കള്‍ മനുഷ്യര്‍ക്ക് വയറിളക്കം, പനി, ശ്വാസകോശ അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും ടിഎസ്എഫ് പ്രസ്താവനയില്‍ പറഞ്ഞു.
ഐഐടി മദ്രാസ് ഡയറക്ടര്‍ വ്യാജശാസ്ത്രം പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവായ കാര്‍ത്തി പി ചിദംബരം പറഞ്ഞു.
ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ മൈക്രോപ്രോസെസ്സറായ ശക്തി വികസിപ്പിച്ച സംഘത്തിന്റെ തലവനാണ് വി കാമകോടി.