IMAGE | WIKI COMMONS
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം പ്രാബല്യത്തില്‍; പ്രതിഷേധം ശക്തമാക്കി ഡ്രൈവിങ് സ്‌കൂളുകള്‍
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും. പരിഷ്‌കരിച്ച സെര്‍ക്കുലര്‍ ഇന്ന് പ്രാബല്യത്തില്‍ വരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. മലപ്പുറത്ത് പ്രതിഷേധക്കാര്‍ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ പരിഷ്‌കരണം നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് എന്നീ സംഘടനകളുടെ കീഴിലുള്ള ഡ്രൈവിങ് സ്‌കൂളുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് സമരം. കോഴിക്കോടും എറണാകുളത്തും സമാനരീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഡ്രൈവിങ്് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഓഫീസുമായി സഹകരിക്കില്ലെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണത്തില്‍ വരുത്തിയ മാറ്റം പിന്‍വലിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നുണ്ട്.
പ്രതിദിനം 30 ലൈസന്‍സ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്ക് ക്രമീകരിച്ചുള്ള ടെസ്റ്റ്, 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങളാണ് പുതിയ സെര്‍ക്കുലറില്‍ ഉള്ളത്. ഇരുചക്രവാഹനങ്ങളുടെ ടെസ്റ്റിന് കാലുകൊണ്ട് ഗിയര്‍ മാറ്റുന്ന വാഹനം ഉപയോഗിക്കണമെന്നും കാര്‍ ലൈസന്‍സിന് ഓട്ടോമാറ്റിക് ഗിയര്‍ കാര്‍ ഉപയോഗിക്കരുതെന്നും പുതിയ ഉത്തരവില്‍ പറയുന്നു. 30 ലൈസന്‍സ് പരീക്ഷകളില്‍ 20 എണ്ണം പുതിയ അപേക്ഷകരും 10 എണ്ണം റീ ടെസ്റ്റും ആയിരിക്കണമെന്നാണ് നിര്‍ദേശം.
പരിഷ്‌കരണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി
പുതിയ പരിഷ്‌കരണത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. മലപ്പുറത്ത് ഡ്രൈവിങ് സ്‌കൂളുകളുടേയും എജന്റുമാരുടേയും മാഫിയയാണ് പ്രവര്‍ത്തിക്കുന്നതെന്ന മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. വിവാദ പരാമര്‍ശത്തിനെതിരെ സിഐടിയു പ്രതികരിച്ചു. പ്രതിഷേധം ശക്തമായപ്പോള്‍ ചില വിട്ടുവീഴ്ചകള്‍ക്ക് മന്ത്രി തയ്യാറായെങ്കിലും ഇത് സംബന്ധിച്ച സെര്‍ക്കുലര്‍ പുറത്തുവരാത്ത സാഹചര്യമാണ് ഉള്ളതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പുതിയ സെര്‍ക്കുലര്‍ പ്രകാരം ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാലായിരുന്നു ഇളവുകള്‍. ടെസ്റ്റ് വെട്ടിചുരുക്കുന്നതിന് പകരം ഉദ്യോഗസ്ഥരെ നിയമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി.