TMJ
searchnav-menu
post-thumbnail

PHOTO: TWITTER

TMJ Daily

മോസ്‌കോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ യുക്രൈനെന്ന് റഷ്യ; ആക്രമണങ്ങള്‍ കടുപ്പിച്ച് ഇരുരാജ്യങ്ങളും

24 Jul 2023   |   2 min Read
TMJ News Desk

മോസ്‌കോയിലെ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ യുക്രൈനെന്ന് റഷ്യ. ആക്രമണത്തില്‍ രണ്ട് കെട്ടിടങ്ങള്‍ തകര്‍ന്നു. ആക്രമണകാരിയായ രണ്ട് ഡ്രോണുകളും തകര്‍ത്തതായും ആളപായമില്ലെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു ഡ്രോണ്‍ പ്രതിരോധ മന്ത്രാലയത്തിന് അരികില്‍ പതിച്ചതായും റഷ്യന്‍ ഉടമസ്ഥതയില്‍ ഉള്ള വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

ഡ്രോണ്‍ ആക്രമണം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണിക്കാണ് ഉണ്ടായത്. പ്രതിരോധ മന്ത്രാലയത്തിനു രണ്ടു കിലോമീറ്റര്‍ അടുത്തുനിന്നും ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. നഗരത്തിലെ കോംസോമോസ്‌കി അവന്യൂവിലും ഡ്രോണ്‍ അവശിഷ്ടങ്ങള്‍ കാണപ്പെട്ടതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം ആദ്യവും മോസ്‌കോയില്‍ യുക്രൈന്‍ ആക്രമണങ്ങള്‍ നടത്തിയതായും റഷ്യ ആരോപിക്കുന്നു. 

ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രൈനിലുടനീളം ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. ആക്രമണം ശക്തമാക്കിയ റഷ്യ തുറമുഖ നഗരമായ ഒഡേസയില്‍ ചരിത്രപ്രധാനമായ കത്തീഡ്രലില്‍ ബോംബ് വര്‍ഷിച്ചിരുന്നു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സമീപത്തെ മറ്റു ചരിത്ര സ്മാരകങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. 1809 ല്‍ നിര്‍മിച്ച ദേവാലയം 1936 ലും തകര്‍ക്കപ്പെട്ടിരുന്നു. പിന്നീട് യുക്രൈന്‍ സ്വതന്ത്ര്യമായതിനു ശേഷമാണ് പുനര്‍നിര്‍മിച്ചത്. യുനെസ്‌കോ പൈതൃക പട്ടികയില്‍പെട്ട കത്തീഡ്രലിനു നേരെ നടന്ന ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. എന്നാല്‍, കത്തീഡ്രല്‍ ആക്രമിച്ചിട്ടില്ലെന്നും തീവ്രവാദ കേന്ദ്രങ്ങളായി ഉപയോഗിച്ച ഇടങ്ങളാണ് ലക്ഷ്യംവച്ചതെന്നും റഷ്യ പറഞ്ഞു.

വെള്ളിയാഴ്ച രാത്രി യുക്രൈന്റെ തന്ത്രപ്രധാന മേഖലകളില്‍ ആക്രമണം നടത്തി. സംഘര്‍ഷത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. പലയിടത്തും സൈന്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. ബെഹ്‌മുത് നഗരത്തിനു തെക്ക് നിയു-യോര്‍ക്കിലുണ്ടായ ഷെല്ലാക്രമണത്തില്‍ നാലുപേര്‍ മരിച്ചു. സപോറീഷ ആണവനിലയത്തിന്റെ സമീപ പട്ടണങ്ങളിലും ഷെല്ലാക്രമണമുണ്ടായി. ആണവനിലയത്തെ മറയാക്കി റഷ്യ നടത്തുന്ന ആക്രമണത്തെ യുക്രൈന്‍ അപലപിച്ചു. 2022 ഫെബ്രുവരിയില്‍ യുക്രൈനില്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ സപോറീഷ റഷ്യന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 

ധാന്യപ്പുരകള്‍ക്കു നേരെയും ആക്രമണം

ഒഡേസയിലെ ധാന്യപ്പുരകളും കാര്‍ഷികോത്പന്ന സംഭരണികളും റഷ്യന്‍ സൈന്യം ആക്രമിച്ചു. യുക്രൈന്റെ കയറ്റുമതി കേന്ദ്രങ്ങള്‍ക്കുനേരെ മിസൈലാക്രമണമുണ്ടായി. 110 ടണ്‍ പയറും 22 ടണ്‍ ബാര്‍ളിയും ആക്രമണത്തില്‍ നശിച്ചു. കരിങ്കടലിലൂടെ ചരക്കുമായി നീങ്ങുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് റഷ്യ നേരത്തെ പറഞ്ഞിരുന്നു. യുക്രൈന്‍ യുദ്ധത്തോടെ കരിങ്കടല്‍ വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ ആഗോള ഭക്ഷ്യപ്രതിസന്ധിയും രൂക്ഷമായിരിക്കുകയാണ്. 

തിരിച്ചടിച്ച് യുക്രൈന്‍

റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശത്തിന്റെ പകുതിയും യുക്രൈന്‍ തിരിച്ചുപിടിച്ചതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ അറിയിച്ചു. രാജ്യത്തിന്റെ തെക്കു ഭാഗത്തുള്ള ചില ഗ്രാമങ്ങളും കിഴക്ക് ബഖ്മുട്ട് നഗരത്തിനു ചുറ്റുമുള്ള ചില പ്രദേശങ്ങളും യുക്രൈന്‍ തിരിച്ചുപിടിച്ചു. എന്നാല്‍ റഷ്യയ്‌ക്കെതിരെ വലിയ മുന്നേറ്റം നടത്താന്‍ യുക്രൈന് ഇതുവരെ കഴിഞ്ഞിട്ടില്ല.


#Daily
Leave a comment