
റഷ്യയില്‍ 9/11 മാതൃകയില്‍ ഡ്രോണ്‍ ആക്രമണം
അമേരിക്കയില്‍ 2001 സെപ്തംബര്‍ 11-ന് ലോക വ്യാപാര കേന്ദ്രത്തില്‍ നടന്ന ആക്രമണ മാതൃകയില്‍ യുക്രൈയ്ന്‍ റഷ്യയില്‍ ആക്രമണം നടത്തി. റഷ്യന്‍ നഗരമായ കസാനിലെ അംബരചുംബികളിലാണ് യുക്രൈയ്ന്‍ ആക്രമണം നടത്തിയത്. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നും 800 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് കസാന്‍.
കസാനില്‍ ആളുകള്‍ വസിക്കുന്ന കെട്ടിടങ്ങളിലേക്കാണ് ആക്രമണം നടന്നത്. എട്ട് ഡ്രോണുകള്‍ ആക്രമണത്തില്‍ പങ്കെടുത്തു. ആറെണ്ണം കെട്ടിടങ്ങളില്‍ ഇടിച്ചപ്പോള്‍ ഒരെണ്ണം വ്യാവസായിക മേഖലയില്‍ പതിച്ചു. ഒരെണ്ണത്തെ റഷ്യ വെടിവച്ചിട്ടു.
ആക്രമണ മുന്നറിയിപ്പ് ലഭിച്ച് അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് പ്രാദേശിക അധികൃതര്‍ പറയുന്നു. കെട്ടിടങ്ങളില്‍ വന്‍സ്‌ഫോടനം ഉണ്ടായതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ആക്രമണത്തെ തുടര്‍ന്ന് കസാനിലെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. റഷ്യ- യുക്രൈയ്ന്‍ യുദ്ധത്തിലെ തന്ത്രങ്ങളില്‍ ഇപ്പോള്‍ ഡ്രോണുകളാണ് ഇരുപക്ഷവും ആക്രമണത്തിന് ഉപയോഗിക്കുന്നത്.