TMJ
searchnav-menu
post-thumbnail

TMJ Daily

ഇസ്രയേല്‍ ചരക്കുകപ്പലിനു നേരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഡ്രോണ്‍ ആക്രമണം

23 Dec 2023   |   1 min Read
TMJ News Desk

സ്രയേല്‍ ബന്ധമുള്ള കപ്പലിനു നേരെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഡ്രോണ്‍ ആക്രമണം. ഇസ്രയേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടത്. കപ്പലിന് കേടുപാടുകള്‍ ഉണ്ടായെങ്കിലും ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, ആഗോള മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവരാണ് ആക്രമണം സ്ഥിരീകരിച്ചത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇന്ത്യയിലെ വരാവല്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ തെക്കുപടിഞ്ഞാറ് മാറിയാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍ തീരത്തുണ്ടായ ആക്രമണത്തില്‍ കപ്പലിന് തീപിടുത്തമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ലൈബീരിയയുടെ പതാകയുള്ള ഇസ്രയേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് ആംബ്രേ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് വ്യക്തമാക്കി.

പതിവാകുന്ന ആക്രമണം

ഡ്രോണ്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കപ്പലുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് ഹൂതികള്‍ പിടിച്ചെടുക്കുന്നതിനു പിന്നാലെ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ആക്രമണം ഇസ്രയേലിന് കൂടുതല്‍ വെല്ലുവിളിയാണുയര്‍ത്തുന്നത്. ഇസ്രയേല്‍- ഗാസ ആക്രമണം തുടങ്ങിയതു മുതല്‍ ഇസ്രയേല്‍ ബന്ധമുള്ള ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം പതിവാണ്.


#Daily
Leave a comment