
മണിപ്പൂരില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ശക്തം
റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുവാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മധ്യസ്ഥനാവുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് മണിപ്പൂരില്‍ അക്രമം വീണ്ടും രൂക്ഷമാകുന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നത്. ഒരു കൊല്ലത്തിലധികമായി ഹിംസയുടെ പരമ്പര അരങ്ങേറുന്ന ഈ വടക്കു-കിഴക്കന്‍ സംസ്ഥാനം ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ നിന്നും അപ്രത്യക്ഷമായി നില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ മൗനം പുലര്‍ത്തുകയാണ്.
മണിപ്പൂരിലെ ജിരിബാം ജില്ലയില്‍ ശനിയാഴ്ച രാവിലെ നടന്ന അക്രമ പരമ്പരയില്‍ നാല് തീവ്രവാദികളും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടതായി ജില്ലാ ഭരണകൂടം അറിയിച്ചു. കുക്കി വിഭാഗക്കാര്‍ ബിഷ്ണുപൂരിലെ രണ്ട് സ്ഥലങ്ങളില്‍ റോക്കറ്റ് ആക്രമണം നടത്തുകയും, ഒരു വയോധികന്‍ കൊല്ലപ്പെടുകയും 5 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുലര്‍ച്ചെ തീവ്രവാദികള്‍ ഒരു ഗ്രാമത്തില്‍ പ്രവേശിച്ച് ഒരാളെ കൊലപ്പെടുത്തിയതിനു ശേഷമാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വംശീയ ഏറ്റുമുട്ടലിന്റെ ഭാഗമായിരുന്നു കൊലപാതകം എന്നും മരിച്ചവര്‍ കുക്കി, മെയ്തേയ് വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട് ഉള്ളതായും സുരക്ഷ സേനയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
17 മാസം മുന്‍പ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം സംസ്ഥാനത്തു ആദ്യമായി റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിക്കുന്ന സ്ഥിതിയിലേക്ക് അക്രമം വളര്‍ന്നിരിക്കുന്നു. കുക്കി തീവ്രവാദികള്‍ ഡ്രോണുകളും, റോക്കറ്റുകളും പോലുള്ള പുതിയ സാങ്കേതികവിദ്യകളിലേക്ക് തിരിയുകയും ആക്രമത്തിന്റെ ശക്തി കൂട്ടുകയും ചെയ്യുന്നതായി മെയ്തേയ് വിഭാഗക്കാര്‍ ആരോപിക്കുന്നു. കുക്കികള്‍ ലോങ്ങ് റേഞ്ച് റോക്കറ്റുകള്‍ ഉപയോഗിച്ചതായി മണിപ്പൂര്‍ പോലീസ് വ്യക്തമാക്കിയിരുന്നു.
കുക്കി തീവ്രവാദികള്‍ രണ്ടു സ്ഥലങ്ങളിലായി ജനങ്ങള്‍ക്കിടയില്‍ ദീര്‍ഘദൂര റോക്കറ്റുകള്‍ വിക്ഷേപിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ബിഷ്ണുപൂര്‍ പ്രദേശവാസിയായിരുന്ന 78 കാരനായ ആര്‍ കെ റാബൈ കൊല്ലപ്പെടുകയും 6 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച വിക്ഷേപിച്ച റോക്കറ്റുകള്‍ക്ക് കുറഞ്ഞത് നാലടി നീളമുണ്ടായിരുന്നെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. മണിപ്പൂരിന്റെ മുന്‍ മുഖ്യ മന്ത്രി മൈരേംബം കൊയ്രാങ് സിങ്ങിന്റെ വീടിന്റെ മുന്നിലായിരുന്നു ആക്രമണം നടന്നത്. അദ്ദേഹത്തിന്റെ സ്വത്തുക്കളും, പ്രതിമകളും തീവ്രവാദികള്‍ നശിപ്പിച്ചിരുന്നു. ഈ ആക്രമണത്തിന് ശേഷമാണ് സംസ്ഥാനത്തു വീണ്ടും ആക്രമങ്ങള്‍ വര്‍ദ്ധിച്ചതായി മണിപ്പൂര്‍ ഇന്റെഗ്രിറ്റി കോര്‍ഡിനേറ്റിംഗ് കമ്മിറ്റി ( COCOMI ) വക്താവ് ഖുറൈജാമ് അതൗബാ വ്യക്തമാക്കി.
ബിഷ്ണുപൂര്‍ ജില്ലയില്‍ നടന്ന ആക്രമണത്തിന് ശേഷം മൊബൈല്‍ ഫോറന്‍സിക് യൂണിറ്റ് സംഘം റോക്കറ്റ് ഷെല്ലിന്റെ തെളിവുകള്‍ ശേഖരിച്ചിരുന്നു. മണിപ്പൂരിലെ പോലീസ്, സൈന്യം, അര്‍ധസൈനിക വിഭാഗങ്ങള്‍ എന്നിവരടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ സമിതി കലാപകാരികള്‍ ഡ്രോണ്‍ ഉപയോഗിച്ചതിനെക്കുറിച്ച് അന്വേഷിച്ച റിപ്പോര്‍ട്ട് തയ്യാറാക്കി സെപ്തംബര്‍ പതിമൂന്നിനകം സമര്‍പ്പിക്കും.
മയക്കുമരുന്നും ആയുധങ്ങളും കടത്താന്‍ കള്ളക്കടത്തുകാര്‍ ഉപയോഗിക്കുന്ന ഡ്രോണുകളെക്കാള്‍ മികച്ചതാണ് കലാപകാരികള്‍ ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒന്നര വര്‍ഷമായി തുടരുന്ന വംശീയ സംഘര്‍ഷങ്ങള്‍ കഴിഞ്ഞ 5 ദിവസമായി കൂടുതല്‍ രൂക്ഷമായതിനൊപ്പം ഡ്രോണുകളും റോക്കറ്റ് ലോഞ്ചറുകളും അക്രമകാരികള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തകള്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ ആശാവഹമല്ലെന്ന് വ്യക്തമാക്കുന്നു.
സംസ്ഥാനത്തെ ജനങ്ങള്‍ ഇപ്പോള്‍ നേരിടുന്ന അരക്ഷിതാവസ്ഥ കണക്കിലെടുത്തു മണിപ്പൂര്‍ സമഗ്രത സംബന്ധിച്ച ഏകോപന സമിതി സംസ്ഥാനത്തു അനിശ്ചിതകാല പൊതു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. സുരക്ഷകണക്കിലെടുത്ത എല്ലാ സര്‍ക്കാര്‍, സ്വകാര്യ, എയ്ഡഡ്, സെന്‍ട്രല്‍ സ്‌കൂളുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചു വിദ്യാഭ്യാസ ഡയറക്ടര്‍ എല്‍ നന്ദകുമാര്‍ സിങ് ഉത്തരവിറക്കി. തെരുവുകളില്‍ അലഞ്ഞു തിരിഞ്ഞു നടക്കരുതെന്നും, എല്ലാ സാധാരണക്കാരും വീടുകളില്‍ നില്‍ക്കാനും, സുരക്ഷിതമായ ബോംബ് ഷെല്‍ട്ടറുകളില്‍ തുടരാനും ജനങ്ങളെ അറിയിച്ചിരിക്കുകയാണ്.