REPRESENTATIONAL IMAGE: WIKI COMMONS
കപ്പലുകള്‍ക്കുനേരെ ഡ്രോണ്‍ ആക്രമണം: യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ
അറബിക്കടലില്‍ ചരക്കു കപ്പലുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ നാവികസേന മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചു. പി 8 ഐ ലോങ് റേഞ്ച് പട്രോളിങ് വിമാനവും യുദ്ധക്കപ്പലുകളായ ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവയാണ് വിന്യസിച്ചിരിക്കുന്നതെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു. കൂടാതെ മൂന്ന് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും അറബിക്കടലില്‍ വിന്യസിച്ചിട്ടുണ്ട്.
ഗുജറാത്ത് തീരത്തിനടുത്ത് ചരക്ക് കപ്പലായ എംവി ചെം പ്ലൂട്ടോയ്ക്കു നേരെയായിരുന്നു കഴിഞ്ഞദിവസം ആക്രമണം നടന്നത്. സൗദി അറേബ്യയില്‍ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വരികയായിരുന്നു കപ്പല്‍. ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ നാവിക സേനയുടെ സ്‌ഫോടകവസ്തു നിര്‍മാര്‍ജന സംഘം മുംബൈ തുറമുഖത്ത് എത്തി കപ്പലില്‍ പരിശോധന നടത്തി. ആക്രമണം നടന്നതായി നാവികസേന സ്ഥിരീകരിച്ചു.
വ്യാപാര മേഖലയും ആശങ്കയില്‍
കപ്പലിന്റെ പിന്‍ഭാഗത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ തകര്‍ന്ന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഗുജറാത്ത് തീരത്തുനിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിനുനേരെ ആക്രമണമുണ്ടായത്. ലൈബീരിയന്‍ പതാക വഹിക്കുന്ന കപ്പലില്‍ 21 ഇന്ത്യക്കാരും ഒരു വിയറ്റ്‌നാം പൗരനുമാണ് ഉണ്ടായിരുന്നത്.
ഡ്രോണ്‍ ആക്രമണത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കാന്‍ ഫോറന്‍സിക് സംഘം ഉള്‍പ്പെടെ എത്തിയിരുന്നു. കപ്പലിനെ പൂര്‍ണമായി വിശകലനം ചെയ്തശേഷം വിവിധ ഏജന്‍സികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചതായി ഇന്ത്യന്‍ നേവി വക്താവ് അറിയിച്ചു. കപ്പല്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന യുഎസ് നിലപാട് നിഷേധിച്ച ഇന്ത്യന്‍ അധികൃതര്‍, കപ്പല്‍ ആഫ്രിക്കന്‍ രാജ്യമായ ഗാബണില്‍ രജിസ്റ്റര്‍ ചെയ്തതാണെന്ന് അറിയിച്ചു.
ന്യൂ മംഗളൂരു പോര്‍ട്ടിലേക്കു വരികയായിരുന്ന കപ്പലിനുനേരെ ആക്രമണം ഉണ്ടായി രണ്ടുദിവസത്തിനു ശേഷമാണ് തീരരക്ഷാസേനയുടെ സഹായത്താല്‍ കപ്പല്‍ മുംബൈ ഹാര്‍ബറില്‍ എത്തിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തീരത്തുനിന്ന് യുഎസിലേക്കുള്ള രണ്ട് ചരക്കുകപ്പലുകള്‍ ഇന്നലെ ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്കന്‍ മുനമ്പിലൂടെ തിരിച്ചുവിട്ടു. ഇന്ത്യന്‍ വ്യാപാരത്തിനും എണ്ണ വിപണിക്കും ആശങ്കയുണ്ടാക്കുന്നതാണ് ആക്രമണങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.
പിന്നില്‍ ഹൂതി വിമതര്‍
ശനിയാഴ്ച ഗാബണില്‍ രജിസ്റ്റര്‍ ചെയ്ത എംവി സായിബാബ എന്ന ടാങ്കറിനു നേരെയും ആക്രമണമുണ്ടായിരുന്നു. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിനു പിന്നിലെന്ന് യുഎസ് ആരോപിച്ചു. ഹൂതി വിമതര്‍ മുമ്പും ചരക്കു കപ്പലുകള്‍ ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒക്‌ടോബര്‍ 17 മുതല്‍ ഹൂതികള്‍ 15 ഓളം ചരക്കു കപ്പലുകള്‍ ആക്രമിച്ചിട്ടുണ്ട്. യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ നിന്നാണ് ഡ്രോണുകള്‍ വിക്ഷേപിച്ചതെന്നും യുഎസ് അധികൃതര്‍ ആരോപിക്കുന്നു.
ഗാസയിലെ ഇസ്രയേല്‍ ആക്രമണം നിര്‍ത്തുംവരെ കപ്പലുകള്‍ ആക്രമിക്കുമെന്നാണു ഹൂതികളുടെ പ്രഖ്യാപനം. ഇതോടെ പ്രധാന വ്യാപാരപാതയായ ചെങ്കടലിലൂടെയുള്ള യാത്ര പല ചരക്കുകപ്പലുകളും ഒഴിവാക്കിയിട്ടുണ്ട്.