TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE

TMJ Daily

സംസ്ഥാനത്ത് വരള്‍ച്ച ശക്തമാകുന്നു; ഡാമുകള്‍ വറ്റുന്നു

14 Aug 2023   |   2 min Read
TMJ News Desk

സംസ്ഥാനത്ത് മഴയുടെ അളവില്‍ വന്‍ കുറവ്. ആഗസ്റ്റ് ആദ്യ ആഴ്ചയില്‍ മഴയുടെ അളവില്‍ 88 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 120 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 14 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്പതുവരെയുള്ള കണക്കാണിത്. 

സംസ്ഥാനത്ത് ഈ വര്‍ഷം രേഖപ്പെടുത്തിയ കാലവര്‍ഷത്തില്‍ 42 ശതമാനം മഴയുടെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ 130.1 സെന്റീമീറ്റര്‍ മഴയാണ് പൊതുവെ ലഭിക്കേണ്ടത്. എന്നാല്‍ ഇക്കുറി 85.2 സെന്റീമീറ്റര്‍ മഴ മാത്രമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ 64.7 സെന്റീമീറ്ററും ജൂലൈ മാസത്തില്‍ 65.7 സെന്റീമീറ്ററുമാണ് മഴ ലഭിക്കേണ്ടത്. എന്നാല്‍ ജൂണില്‍ 26 സെന്റീമീറ്ററും ജൂലൈയില്‍ 59.2 സെന്റീമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയത്. 

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള നാലു മാസത്തെ കാലവര്‍ഷപ്പെയ്ത്തില്‍ 201.86 സെന്റീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിക്കേണ്ടത്. കഴിഞ്ഞവര്‍ഷം 173.6 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്.  ഇക്കുറി ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലും സാധാരണയില്‍ കുറവായിരിക്കും മഴ ലഭ്യമാവുകയെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. 

ഡാമുകളും വരളുന്നു

അണക്കെട്ടുകളിലെ ജലനിരപ്പ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ചു താഴ്ന്ന നിലയിലാണ്. സംഭരണികളിലേക്കുള്ള നീരൊഴുക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഈ വര്‍ഷം 2016 നു സമാനമായ വരള്‍ച്ച ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ഇടുക്കിയില്‍ സംഭരണശേഷിയുടെ 32 ശതമാനം വെള്ളമാണ് അവശേഷിക്കുന്നത്. ഇടമലയാറില്‍ 43 ശതമാനവും. വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി, ജലസേചന, ശുദ്ധജലവിതരണത്തെ പ്രതികൂലമായി ബാധിക്കും. ഓണത്തിനു മുമ്പ് സംസ്ഥാനത്ത് നേരിയ മഴയ്‌ക്കേ സാധ്യതയുള്ളൂ. എന്നാല്‍ ഈ മാസം അവസാനമോ സെപ്തംബര്‍ ആദ്യമോ നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. 

മന്ദമായി മണ്‍സൂണ്‍ 

കഴിഞ്ഞ 47 വര്‍ഷത്തിനിടയിലെ ഏറ്റവും കുറവ് മഴയാണ് ഇത്തവണ ജൂണില്‍ പെയ്തത്. 1900 മുതല്‍ 2023 വരെയുള്ള 123 വര്‍ഷത്തിനിടയില്‍ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച മൂന്നാമത്തെ ജൂണ്‍ മാസമാണ് കടന്നുപോയത്. 60 ശതമാനം മഴക്കുറവാണ് ജൂണില്‍ രേഖപ്പെടുത്തിയത്. ശരാശരി 648 മില്ലിമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ജൂണില്‍ ലഭിക്കേണ്ടതെങ്കില്‍ ഇത്തവണ 240.99 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 

കാസര്‍ഗോഡ്, കൊല്ലം, പാലക്കാട് ജില്ലകള്‍ ഒഴികെ മറ്റെല്ലാ ജില്ലകളിലും ഇക്കുറി മഴ കുറവാണ് ലഭിച്ചത്. കാസര്‍ഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്,1,602.5 മില്ലിമീറ്റര്‍. എങ്കിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം കുറവ് മഴയാണ് കാസര്‍ഗോഡും പെയ്തത്. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. ഇടുക്കിയില്‍ 59 ശതമാനവും, വയനാട് 54 ശതമാനം, കോഴിക്കോട് 52 ശതമാനവും മഴയാണ് ലഭിച്ചത്. 

പസഫിക് സമുദ്രത്തില്‍ രൂപമെടുത്ത താപതരംഗമായ എല്‍നിനോ പ്രതിഭാസമാണ് സംസ്ഥാനത്ത് മണ്‍സൂണ്‍ ദുര്‍ബലമാക്കിയതെന്നാണ് വിലയിരുത്തല്‍. കൂടാതെ, ബിപര്‍ജോയ് ചുഴലിക്കാറ്റും കാരണമായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കാലവര്‍ഷക്കാറ്റിന്റെ ശക്തിക്കുറവും മഴക്കുറവിന് ഇടയാക്കിയതായി പറയപ്പെടുന്നു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ മഴയുടെ തോത് ഉയര്‍ന്നില്ലെങ്കില്‍ സംസ്ഥാനത്തെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധിയാകും.


#Daily
Leave a comment