REPRESENTATIONAL IMAGE | PHOTO: PEXELS
മരുന്നുകളുടെ വ്യാജന്മാര്‍ സുലഭം; മുന്നറിയിപ്പുമായി ഡിസിജിഐ
ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാജ മരുന്നുകളുടെ വില്‍പ്പന കര്‍ശനമായി നിരീക്ഷിച്ച് നടപടികള്‍ സ്വീകരിക്കണമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) നിര്‍ദേശം നല്‍കി. കരള്‍ രോഗത്തിനുള്ള ഡിഫിറ്റെലിയോ, ക്യാന്‍സര്‍ രോഗത്തിനായി കുത്തിവയ്ക്കുന്ന അഡ്‌സെട്രിസ് എന്നീ മരുന്നുകളുടെ വ്യാജ നിര്‍മിതിയില്‍ കര്‍ശനമായ ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡ്രഗ്‌സ് കണ്‍ട്രോളേഴ്‌സിന് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിതരണം ഓണ്‍ലൈന്‍ വഴി
ഇന്ത്യ ഉള്‍പ്പെടെയുള്ള നാലു രാജ്യങ്ങളില്‍ ടകെഡ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ലിമിറ്റഡ് നിര്‍മിക്കുന്ന അഡ്‌സെട്രിസ് ഇഞ്ചക്ഷന്റെ 50 മില്ലിഗ്രാം മരുന്നിന്റെ വ്യാജ പതിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനുമാണ് ഡിസിജിഐ സെപ്തംബര്‍ അഞ്ചിന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്. വ്യാജ മരുന്നുകളുടെ എട്ട് വ്യത്യസ്ത ബാച്ച് നമ്പറുകള്‍ പ്രചാരത്തിലുണ്ടെന്നും പ്രധാനമായും ഓണ്‍ലൈന്‍ വഴിയാണ് ഈ മരുന്നുകളുടെ വിതരണം നടക്കുന്നതെന്നും ഡിസിജിഐ വ്യക്തമാക്കി.
നിരവധി വിതരണ ശ്യംഖലയിലും രോഗികളുടെ കൈവശവും മരുന്നിന്റെ വ്യാജ പതിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞത് എട്ടു വ്യത്യസ്ത ബാച്ച് നമ്പറുകളിലായി ഈ മരുന്നുകളുടെ വ്യാജ പതിപ്പുകള്‍ വിതരണത്തിലുണ്ടെന്നാണ് WHO റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും ഡിസിജിഐ യുടെ നിര്‍ദേശത്തില്‍ പറയുന്നു.
കാത്തിരിക്കുന്നത് മാരകരോഗങ്ങള്‍
ജെന്‍ഷ്യം എസ്ആര്‍എല്‍ നിര്‍മിക്കുന്ന ഡിഫിറ്റെലിയോയുടെ 80 മില്ലിഗ്രാം മരുന്നിന്റെയും വ്യാജ പതിപ്പ് ഇന്ത്യയിലും തുര്‍ക്കിയിലും ഇറങ്ങിയതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന ഡിസിജിഐക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് നല്‍കിയ ഉത്പന്നം വ്യാജമാണെന്ന് ഡിഫിറ്റെലിയോയുടെ യഥാര്‍ത്ഥ നിര്‍മാതാക്കള്‍ സ്ഥിരീകരിച്ചു. വ്യാജ ഡിഫിറ്റെലിയോ മരുന്നുപയോഗം മൂലം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും ഐക്യരാഷ്ട്ര സംഘടനയുടെ ആരോഗ്യവിഭാഗം വ്യക്തമാക്കുന്നു.
അസിഡിറ്റിക്കായി ഉപയോഗിക്കുന്ന ഡിജെന്‍ ജെല്ലിന് ഡ്രഗ് കണ്‍ട്രോളര്‍ സമാനമായ മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്കുശേഷമാണ് പുതിയ ജാഗ്രതാ നിര്‍ദേശം എത്തിയിരിക്കുന്നത്. വെള്ള നിറത്തിലുള്ള സിറപ്പിന് കയ്പ്പും ദുര്‍ഗന്ധവും ഉണ്ടെന്ന ഉപഭോക്താക്കളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു വ്യാജനെ കണ്ടെത്തിയത്. സാധാരണയായി പിങ്ക് നിറത്തില്‍ ഉള്ള സിറപ്പിന് മധുരമാണ്.