PHOTO: WIKICOMMONS
ലഹരിമരുന്ന് കടത്ത്; രാജ്യാന്തര ശൃംഖലയിലെ കണ്ണികള്‍ പിടിയില്‍
വിവിധ രാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കടത്തുന്ന രാജ്യാന്തര ശൃംഖലയിലെ കണ്ണികള്‍ പിടിയില്‍. നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലും ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് മൂന്നുപേര്‍ അറസ്റ്റിലായത്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്. സിന്തറ്റിക് ഡ്രഗ് ആയ മെത്താംഫെറ്റാമൈന്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന 50 കിലോ സ്യൂഡോഫെഡ്രിന്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഓസ്‌ട്രേലിയയിലേക്ക് കടത്താനായ് ഡല്‍ഹിയിലെ ബസായ് ദാരാപൂരിലെ ഗോഡൗണിലാണ് ഇത് സൂക്ഷിച്ചിരുന്നത്.
മുഖ്യ സൂത്രധാരന്‍ ഒളിവില്‍
മയക്കുമരുന്ന് കടത്തുന്നത് ഡല്‍ഹിയില്‍ നിന്നാണെന്ന് യുഎസ് ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ വിവരം നല്‍കിയിരുന്നു. കൂടാതെ ന്യൂസിലന്‍ഡ് കസ്റ്റംസില്‍ നിന്നും ഓസ്‌ട്രേലിയന്‍ പൊലീസില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇരു രാജ്യങ്ങളിലേക്കും വന്‍തോതില്‍ സ്യൂഡോഫെഡ്രിന്‍ എത്തുന്നുണ്ടെന്നായിരുന്നു വിവരം. ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും ഒരു കിലോ സ്യൂഡോഫെഡ്രിന്‍ ഏകദേശം 1.5 കോടി രൂപക്കാണ് വില്‍ക്കുന്നത്. രാജ്യാന്തര വിപണിയില്‍ 2,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,500 കിലോ സ്യൂഡോഫെഡ്രിന്‍ അടങ്ങിയ 45 ചരക്കുകള്‍ പല രാജ്യങ്ങളിലേക്കായി കയറ്റി അയച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ വെളിപ്പെടുത്തി.
ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ലഹരിമരുന്ന് കടത്തുന്നതിന്റെ മുഖ്യ സൂത്രധാരന്‍ ഒരു തമിഴ് സിനിമാ നിര്‍മ്മാതാവാണെന്നാണ് വിവരം. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നാണ് വിവരം.