PHOTO: PIXABAY
ഇ-സിഗരറ്റ് വില്‍പ്പന; വെബ്‌സൈറ്റുകള്‍ക്ക് നോട്ടീസയച്ച് ആരോഗ്യ മന്ത്രാലയം
ഇ-സിഗരറ്റ് വില്‍പ്പന നടത്തിയ 15 വെബ്‌സൈറ്റുകള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം നോട്ടീസ് അയച്ചു. ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന ഉത്പ്പന്നത്തിന്റെ പരസ്യവും വില്‍പ്പനയും നിര്‍ത്താനാണ് നിര്‍ദേശം.നോട്ടീസ് നല്‍കിയ 15 വെബ്‌സൈറ്റുകളില്‍ നാലെണ്ണം പ്രവര്‍ത്തനം നിര്‍ത്തി. എന്നാല്‍ മറ്റുള്ളവര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇവര്‍ പ്രതികരിക്കുകയോ നിയമം പാലിക്കുകയോ ചെയ്തില്ലെങ്കില്‍ വെബ്‌സൈറ്റുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കത്തെഴുതുമെന്നും വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിനായി കേന്ദ്രം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇലക്ട്രോണിക് സിഗരറ്റുകള്‍ വില്‍ക്കുന്നതിലും പരസ്യം ചെയ്യുന്നതിലുമെല്ലാം മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മന്ത്രാലയം പൊതു അറിയിപ്പ് നല്‍കിയത്.
ഇ-സിഗരറ്റ്
ഇലക്ട്രോണിക് സിഗരറ്റുകളുടെ നിര്‍മാണം, വില്‍പ്പന, ഓണ്‍ലൈന്‍ വില്‍പ്പന, കയറ്റുമതി, പരസ്യം ചെയ്യല്‍ എന്നിവ നിയമപരമായി ശിക്ഷാര്‍ഹമാണ്. ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമം 2019 ലാണ് നിലവില്‍ വന്നത്. 2019 സെപ്തംബര്‍ 18 നാണ് ഇ-സിഗരറ്റ് നിരോധിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ചത്. നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കും. ഓര്‍ഡിനന്‍സ് പ്രകാരം ഇ-സിഗരറ്റ് സ്റ്റോക്ക് ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് ആറുമാസം തടവും 50,000 രൂപ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.
ബ്രസീല്‍, മെക്‌സിക്കോ, തായ്‌ലാന്‍ഡ് എന്നിവയുള്‍പ്പെടെ 30 ലധികം രാജ്യങ്ങള്‍ ഇ-സിഗരറ്റിന്റെ നിര്‍മ്മാണവും വ്യാപാരവും പരസ്യവും ഉള്‍പ്പെടെ നിരോധിച്ചിട്ടുണ്ട്. സിംഗപ്പൂരും കംബോഡിയയും ഇ-സിഗരറ്റ് കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. നിരോധനം നിലനില്‍ക്കുന്നുണ്ടെങ്കിലും യുവാക്കളില്‍ ഇ-സിഗരറ്റിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായി നടക്കുന്നുണ്ട്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ കൂടിയാണ് വില്‍പ്പന കൂടുതലും നടക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളേക്കാള്‍ കൂടുതല്‍ വ്യാപാരം നടക്കുന്നത് ചെറുകിട ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ കൂടിയാണ്. കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളിലായിരുന്നു ആദ്യം ഇ സിഗരറ്റിന്റെ ഉത്പാദനവും വില്‍പ്പനയും നിരോധിച്ചിട്ടുള്ളത്. പിന്നീട് 2019 ലാണ് ഇ-സിഗരറ്റ്, ഇ-നിക്കോട്ടിന്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി ഉത്പന്നങ്ങളും നിര്‍ത്തലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടത്. പുകയിലയോട് കൂടുതല്‍ അടുപ്പം സൃഷ്ടിക്കാന്‍ ഇ-സിഗരറ്റ് കാരണമാകുമെന്ന വിദഗ്ധ ഉപദേശത്തെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രാലയം നടപടി സ്വീകരിച്ചത്.