
കാലിഫോര്‍ണിയയില്‍ ഭൂചലനം
കാലിഫോര്‍ണിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തി. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച് ഒറിഗണ്‍ അതിര്‍ത്തിക്കടുത്തുള്ള ഫെണ്‍ഡെയ്ലിലാണ് ഭൂചലനമുണ്ടായത്. കാലിഫോര്‍ണിയ, ഒറിഗോണ്‍ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും ജാഗ്രത തുടരുന്നു.
ഇതുവരെ ആളപായമോ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന തീരങ്ങളില്‍ സുനാമി സാധ്യതയുള്ളതായായിരുന്നു മുന്നറിയിപ്പ്. ഇതുവരെ പ്രദേശത്ത് ഉയര്‍ന്ന തിരമാലകളുണ്ടായിട്ടില്ല. അപകടസാധ്യത കണക്കിലെടുത്ത് തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
സുനാമി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനം സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങിയിരുന്നു. പിന്നീട് സുനാമി അറിയിപ്പ് റദ്ദാക്കുകയായിരുന്നു. 5.3 ദശലക്ഷം ആളുകളെ ബാധിക്കുമെന്ന് അറിയിച്ച സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചതിന്റെ ആശ്വാസത്തിലാണ് ജനങ്ങള്‍.