PHOTO: PTI
ചൈനയില്‍ ഭൂചലനം; നൂറിലധികം പേര്‍ മരിച്ചു
ചൈനയിലെ വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നൂറിലധികം ആളുകള്‍ മരിക്കുകയും ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
വന്‍ നാശനഷ്ടം
ഭൂചലനത്തില്‍ വന്‍ നാശനഷ്ടം ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പല ഗ്രാമങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണം മുടങ്ങി. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. പലയിടത്തും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാവിധ പരിശ്രമങ്ങളും നടത്തണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭൂചലനം ഉണ്ടായ ഗാന്‍സുവിലെ കാലാവസ്ഥ പ്രതികൂലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് മൈനസ് 14 ഡിഗ്രിയാണ് തണുപ്പ്. കഴിഞ്ഞ ഓഗസ്റ്റില്‍ കിഴക്കന്‍ ചൈനയില്‍ ഉണ്ടായ ഭൂചലനത്തില്‍ 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി കെട്ടിടങ്ങള്‍ തകരുകയും ചെയ്തിരുന്നു. 2022 സെപ്റ്റംബറില്‍ സിചുവാന്‍ പ്രവിശ്യയിലും ഭൂചലനം ഉണ്ടായി. അതില്‍ 100 ലധികം പേരാണ് മരിച്ചത്. 2008 ലുണ്ടായ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 87,000 ത്തിലധികം ആളുകളെ കാണാതായെന്നാണ് റിപ്പോര്‍ട്ട്.