TMJ
searchnav-menu
post-thumbnail

TMJ Daily

ഭൂകമ്പ ദുരിതാശ്വാസം: യുഎസിന്റെ അസ്സാന്നിധ്യത്തില്‍ ചൈന കളംപിടിച്ചു

03 Apr 2025   |   1 min Read
TMJ News Desk

യുഎസിന്റെ അസ്സാന്നിദ്ധ്യത്തില്‍ മ്യാന്മാര്‍ ഭൂകമ്പ ദുരിതാശ്വാസത്തിന്റെ നേതൃത്വമേറ്റെടുത്ത ചൈന ദുരിതബാധിതരുടെ വിശ്വാസം നേടിയെടുത്തു. മ്യാന്മറിലെ സൈനിക ഭരണകൂടത്തെ പിന്തുണച്ചിരുന്ന ചൈനയുടെ പ്രതിച്ഛായ നേരത്തെ മ്യാന്മര്‍ ജനതയുടെ മുന്നില്‍ മോശമായിരുന്നു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സര്‍ക്കാര്‍ വിദേശ സഹായങ്ങളും മറ്റും അവസാനിപ്പിച്ച് ചെലവ് ചുരുക്കുന്ന സാഹചര്യത്തില്‍ ചൈന മ്യാന്മാറിലേക്ക് 13.76 മില്ല്യണ്‍ ഡോളറിന്റെ സഹായം വാഗ്ദാനം ചെയ്യുകയും ദുരിതാശ്വാസ പ്രവര്‍ത്തകരെ അയക്കുകയും ചെയ്തു.

റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 2,800ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഭൂകമ്പം ഉണ്ടായതിന് പിന്നാലെ ചൈനീസ് ദുരിതാശ്വാസ പ്രവര്‍ത്തകര്‍ മ്യാന്മാറിലെത്തി. നീലയും ഓറഞ്ചും നിറത്തിലുള്ള യൂണിഫോം ധരിച്ച ചൈനാക്കാരെ സംഭവ സ്ഥലത്തുനിന്നുള്ള എല്ലാ സോഷ്യല്‍ മീഡിയ വീഡിയോകളിലും കാണാം.

തകര്‍ന്ന ഹോട്ടലുകള്‍, സ്‌കൂളുകള്‍, സന്യാസി മഠങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നും പരിക്കേറ്റവരേയും മൃതദേഹങ്ങളേയും പുറത്തെടുക്കുന്ന ദൃശങ്ങള്‍ അടങ്ങിയ മിക്ക വീഡിയോകള്‍ക്കൊപ്പവും ചൈനയ്ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള കമന്റുകള്‍ ഉണ്ടാകും. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തകരും സഹായവുമാണ് ദുരന്തത്തെ തുടര്‍ന്ന് രാജ്യത്ത് ആദ്യം എത്തിയത്.

ജനപ്രിയമല്ലാത്ത സൈനിക ഭരണകൂടത്തെ പിന്തുണച്ചിരുന്നതിനാല്‍ മ്യാന്മാറിലെ സോഷ്യല്‍ മീഡിയയില്‍ ചൈനയ്‌ക്കെതിരിയാ വികാരമാണ് നിലനിന്നിരുന്നത്.

ഈ ഭൗമശാസ്ത്ര മേഖലയില്‍ അമേരിക്കയുടെ എതിരാളികളായ ചൈന 100 മില്ല്യണ്‍ യുവാന്‍ (13.76 മില്ല്യണ്‍ ഡോളര്‍) മൂല്യമുള്ള ദുരിതാശ്വാസ വസ്തുക്കള്‍ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്തു. ടെന്റുകള്‍, ബ്ലാങ്കറ്റുകള്‍, പ്രാഥമിക ശുശ്രൂഷ കിറ്റുകള്‍ എന്നിവ അടങ്ങിയ ദുരിതാശ്വാസ വസ്തുക്കളുടെ ആദ്യ ബാച്ച് തിങ്കളാഴ്ച്ച എത്തിച്ചുവെന്ന് ചൈന അറിയിച്ചു.

സമീപകാലം വരെ ലോകത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ ദായകരായ യുഎസ് ഇതുവരെ രണ്ട് മില്ല്യണ്‍ ഡോളറിന്റെ സഹായം മാത്രമാണ് വാഗ്ദാനം ചെയ്തത്. മൂന്നംഗ സംഘത്തെ സാഹചര്യം വിലയിരുത്തുന്നതിനായി അയക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചുവെങ്കിലും സൈനിക ഭരണകൂടം വിസ അനുവദിക്കുന്നതിലെ കാലതാമസം മൂലം സംഘത്തിന് യാത്ര നടത്താനായിട്ടില്ല.



 

 

#Daily
Leave a comment