Fernando Villavicencio | PHOTO: FLICKR
ഇക്വഡോര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചു
ഇക്വഡോറില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫെര്‍ണാണ്ടോ വില്ലാവിസെന്‍ഷിയോ വെടിയേറ്റ് മരിച്ചു. ബുധനാഴ്ചയായിരുന്നു സംഭവം. ഓഗസ്റ്റ് 20 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തലസ്ഥാനമായ ക്വിറ്റോയില്‍ നടന്ന റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. ഇക്വഡോര്‍ പ്രസിഡന്റ് ഗില്ലെര്‍മോ ലാസോയാണ് ഫെര്‍ണാണ്ടോയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
അഴിമതിക്കെതിരെ ഉയര്‍ന്ന ശബ്ദം
59 കാരനായ ഫെര്‍ണാണ്ടോ ഓഗസ്റ്റ് 20 ന് ഇക്വഡോറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബില്‍ഡ് ഇക്വഡോര്‍ മൂവ്‌മെന്റ് സ്ഥാനാര്‍ത്ഥിയായിരുന്നു. ഫെര്‍ണാണ്ടോയെ കൂടാതെ ആദ്യ റൗണ്ടില്‍ ഏഴു സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്. മുന്‍ പ്രസിഡന്റ് റാഫേല്‍ കൊറിയയുടെ ഭരണകാലത്തെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയവരില്‍ പ്രധാനിയാണ് ഫെര്‍ണാണ്ടോ വില്ലാവിസെന്‍ഷിയോ. മുന്‍ പ്രസിഡന്റിനെതിരെയും ഗവണ്‍മെന്റിലെ ഉന്നതര്‍ക്കെതിരേയും ഫെര്‍ണാണ്ടോ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഒന്നിലധികം തവണ തനിക്ക് വധഭീഷണി ഉണ്ടായതായി അക്രമണം നടക്കുന്നതിന് മുന്‍പ് ഫെര്‍ണാണ്ടോ പറഞ്ഞിരുന്നു.
കടുത്ത നടപടി ഉണ്ടാകും: ഗില്ലെര്‍മോ ലാസോ
റാലിക്കിടയിലേക്ക് അക്രമികള്‍ ഗ്രനേഡ് എറിഞ്ഞു. എന്നാല്‍ ഗ്രനേഡ് പൊട്ടിയില്ല. ഇത് കൂടുതല്‍ അപകടം ഒഴിവാകാന്‍ കാരണമായി. കുറ്റവാളികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും രാജ്യത്ത് അക്രമ സംഭവങ്ങളും കൊലപാതകങ്ങളും മയക്കുമരുന്ന് കടത്തും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്, ഫെര്‍ണാണ്ടോയുടെ മരണത്തെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്, അക്രമസംഭവങ്ങളില്‍ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും പ്രസിഡന്റ് ഗില്ലെര്‍മോ ലാസോ വ്യക്തമാക്കി.