.jpg)
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
ഡിജിറ്റല്‍ അറസ്റ്റ് എന്ന തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തില്‍ ഒരു കേസില്‍ എന്‍ഫോഴ്സമെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ (എ 4 സി) സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാല് മാസക്കാലയളവില്‍ മാത്രം ഡിജിറ്റല്‍ അറസ്റ്റ് എന്ന ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.3 കോടി രൂപയാണ്. ഡിജിറ്റല്‍ അറസ്റ്റുകളുടെ ഭീഷണിക്കെതിരെ ജാഗ്രത പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്തിടെ ജനങ്ങളോട് ആഹ്വാനം
ചെയ്തിരുന്നു.
അടുത്തകാലത്ത് ഇന്ത്യക്കാരില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം തട്ടിയെടുക്കുന്ന സൈബര്‍ തട്ടിപ്പായി ഡിജിറ്റല്‍ അറസ്റ്റ് മാറിയെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു. മ്യാന്‍മര്‍, ലാവോസ്, കംബോഡിയ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനുവരി തൊട്ട് ഏപ്രില്‍ വരെ നാല്‍പ്പത്തിയാറ് ശതമാനം സൈബര്‍ തട്ടിപ്പുകളും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നാണെന്നാണ് I4Cയുടെ കണക്കുകള്‍. ഇതിലൂടെ മാത്രം 1,776 കോടി രൂപയാണ് ഈ രാജ്യങ്ങളില്‍ നിന്നുമുള്ള തട്ടിപ്പ് സംഘങ്ങള്‍ക്ക് ലഭിച്ചത്. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ 7.4 ലക്ഷം പരാതികളാണ് ലഭിച്ചതെന്ന് നാഷണല്‍ സൈബര്‍ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍(എന്‍സിആര്‍പി) വ്യക്തമാക്കിയിരുന്നു. എന്നാല്‍ 2023ല്‍ മാത്രം15.56 പരാതികളാണ് ലഭിച്ചത്.
നാല് തരത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങളാണ് പ്രധാനമായും ഉള്ളതെന്ന് I4C അറിയിച്ചു. ഡിജിറ്റല്‍ അറസ്റ്റ്, ട്രേഡിങ്ങ് തട്ടിപ്പ്, നിക്ഷേപതട്ടിപ്പ്, പ്രണയ/ഡേറ്റിംഗ് തട്ടിപ്പ് എന്നിവയാണത്. ഇതില്‍ 120.3 കോടി രൂപ ഡിജിറ്റല്‍ അറസ്റ്റിലൂടെയും, 1,420.48 കോടി രൂപ ട്രേഡിങ്ങ് തട്ടിപ്പിലൂടെയും, 222.58 കോടി രൂപ നിക്ഷേപ തട്ടിപ്പുകളിലൂടെയും, 13.23 കോടി രൂപ പ്രണയ, ഡേറ്റിംഗ് തട്ടിപ്പിലൂടെയുമാണ് നഷ്ട്ടമായിരിക്കുന്നതെന്ന് I4Cയുടെ സിഇഒ രാജേഷ് കുമാര്‍ പറഞ്ഞു.
നിയമപാലകരാണെന്ന വ്യാജേന വീഡിയോ കോളിലൂടെ ആളുകളെ വിളിച്ച്, അവരുടെ പേരില്‍ നിയമവിരുദ്ധമായ പാര്‍സല്‍ വന്നിട്ടുണ്ടെന്നും, ഇത് തീവ്രവാദമോ അനുബന്ധ കുറ്റകൃത്യങ്ങളുടെയോ ഭാഗമാണെന്ന് പറഞ്ഞ് ഭയപ്പെടുത്തി, ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ അറസ്റ്റ് ചെയ്തുവെന്ന പ്രതീതി ഉണ്ടാക്കിയെടുക്കുന്നു. തുടര്‍ന്ന് കോള്‍ കട്ട് ചെയ്യാന്‍ സമ്മതിക്കാതെ, ക്യാമറ, മൈക്ക് എന്നിവ ഓഫ് ചെയ്യാന്‍ സമ്മതിക്കാതെ, ഭീഷണിപ്പെടുത്തി കേസ് ഒതുക്കിത്തീര്‍ക്കാന്‍ പൈസ ആവശ്യപ്പെടുന്ന സൈബര്‍ കുറ്റകൃത്യമാണ് ഡിജിറ്റല്‍ അറസ്റ്റ്.