TMJ
searchnav-menu
post-thumbnail

TMJ Daily

ബിബിസിക്കെതിരെ കേസെടുത്ത് ഇഡി

13 Apr 2023   |   1 min Read
TMJ News Desk

ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി ചാനലിനെതിരെ ഇഡി കേസെടുത്തു. വിദേശനാണയവിനിമയ ചട്ടപ്രകാരമാണ് ബിബിസിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഫെമ നിയമപ്രകാരം രേഖകൾ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥർ മൊഴിനൽകണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ എന്ന ബിബിസി ഡോക്യുമെന്ററി പുറത്ത് വന്നതിനു ശേഷമാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നതായിരുന്നു ഡോക്യുമെന്ററി. കേന്ദ്ര സർക്കാർ സാമൂഹ്യമാധ്യമങ്ങളിൽ ഡോക്യുമെന്ററിക്ക് വിലക്കേർപ്പെടുത്തുകയും ഇതിനെ തുടർന്ന് ഇന്ത്യയുടെ പല ഭാഗങ്ങളിലും ഡോക്യുമെന്ററി പ്രദർശനവും, പ്രതിഷേധങ്ങളും നടന്നിരുന്നു.

ബിബിസിയുടെ ഡൽഹി, മുംബൈ കേന്ദ്രങ്ങളിൽ ഇഡി ഫെബ്രുവരിയിൽ് 58 മണിക്കൂർ നീണ്ട പരിശോധന നടത്തിയതിനെ തുടർന്നാണ് ആദായനികുതി വകുപ്പ് ധനവിനിമയത്തിൽ ക്രമക്കേട് കണ്ടെത്തിയതായി വ്യക്തമാക്കിയത്. ബിബിസി ഓഫീസുകളിൽ നിന്നും കണ്ടെത്തിയ വരുമാന-ലാഭ കണക്കുകളും അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളും തമ്മിൽ യോജിക്കുന്നില്ല, ജീവനക്കാരുടെ മൊഴികളിൽ നിന്നും ഡിജിറ്റൽ തെളിവുകളും രേഖകളും പരിശോദിച്ചതിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്, ബിബിസിക്കെതിരെ നടപടിയെടുക്കുമെന്നുമെന്നും ഇഡി വ്യക്തമാക്കി. ബിബിസിയുടെ വിദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നികുതി അടക്കാത്ത ചില പണമിടപാടുകളും മറ്റു ചില പ്രവർത്തനങ്ങളുടെ തെളിവുകളും ലഭിച്ചിട്ടുണ്ടെന്നും, ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റി എന്നും 2012 മുതലുള്ള ബിബിസിയുടെ സാമ്പത്തിക രേഖകളുടെ സർവേയാണ് നടന്നതെന്നും ഇഡി അറിയിച്ചിരുന്നു.

ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ

രണ്ട് ഭാഗങ്ങളിലായാണ് ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ എന്ന ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയിരുന്നത്. ഗുജറാത്ത് കലാപത്തെ കുറിച്ചും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്രമോദിയെ കുറിച്ചുമാണ് ഡോക്യുമെന്ററിയിൽ പറഞ്ഞിരിക്കുന്നത്. 2019 ൽ വീണ്ടും അധികാരത്തിൽ വന്നതിന് ശേഷമുള്ള നരേന്ദ്രമോദി സർക്കാരിന്റെ ഭരണം പരിശോദിക്കുന്നതാണ് രണ്ടാം ഭാഗം. വിവാദ നയങ്ങളുടെ ഒരു പരമ്പര തന്നെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർട്ടിക്കിൾ 370 പ്രകാരം ഉറപ്പു നൽകുന്ന കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതും, പൗരത്വ നിയമവും മുസ്ലീങ്ങൾക്കെതിരായ ആൾക്കൂട്ട ആക്രമങ്ങളുടെ റിപ്പോർട്ടുകളും രണ്ടാം ഭാഗത്തിൽ പരാമർശിക്കുന്നുണ്ട്. ഡോക്യുമെന്ററി മോദിക്കെതിരേയുള്ള പ്രൊപ്പഗാണ്ടയുടെ ഭാഗമാണെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. കേന്ദ്ര സർക്കാർ സാമൂഹ്യമാധ്യമങ്ങളിൽ ഡോക്യുമെന്ററിക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

#Daily
Leave a comment