
ഇഡി പിടി വിടുന്നില്ല; ഗോകുലം ഗോപാലനെ 22ന് വീണ്ടും ചോദ്യം ചെയ്യും
എമ്പുരാന്‍ നിര്‍മ്മാതാവായ ഗോകുലം ഗോപാലനെ ഈ മാസം 22ന് വീണ്ടും ഇഡി ചോദ്യം ചെയ്യും. നേരിട്ട് ഹാജരാകുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്ന് ഇഡി അറിയിച്ചു.
ഇന്നലെ ഗോകുലം ഗോപാലനെ ആറ് മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 22ന് ചോദ്യം ചെയ്യാനുള്ള നോട്ടീസ് നല്‍കിയത്.
എമ്പുരാന്‍ വിവാദത്തെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച്ചയില്‍ ഇഡി ഗോകുലത്തിന്റെ ഓഫീസുകളില്‍ റെയ്ഡ് നടത്തുകയും ഗോപാലനെ റെയ്ഡ് ദിവസം കോഴിക്കോടും ചെന്നൈയിലും വച്ച് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച്ച കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്‌സ് ആന്റ് ഫിനാന്‍സിലും ചെന്നൈയിലെ വീട്ടിലും കോഴിക്കോട് കോര്‍പറേറ്റ് ഓഫീസിലും ആണ് റെയ്ഡ് നടത്തിയത്. ഒന്നരക്കോടി രൂപ ഈ റെയ്ഡില്‍ ഇഡി കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും രേഖകളും ഇഡി കൊണ്ടുപോയിരുന്നു.
തെറ്റൊന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും ഇഡിയുടെ ഓഫീസിലേക്ക് കയറുന്നതിന് മുമ്പായി മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞിരുന്നു. ഗോകുലം ഗ്രൂപ്പ് ഫെമ നിയമം ലംഘിച്ചുവെന്നാണ് ഇഡിയുടെ ആരോപണം. ചട്ടലംഘനം നടത്തി പ്രവാസികളില്‍നിന്നും നിക്ഷേപം സ്വീകരിച്ചുവെന്ന് ഇഡി പറയുന്നു.


