
ഗോവയില്‍ കാസിനോ കപ്പലില്‍ ഇഡി സംഘത്തിനു നേരേ ആക്രമണം
ഗോവയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) സംഘത്തിനെ കാസിനോ കപ്പലില്‍ വച്ച് ജീവനക്കാര്‍ ആക്രമിച്ചുവെന്ന് ആരോപണം. ഡിസംബര്‍ 12-നാണ് സംഭവം. ക്രൂസ് കാസിനോ പ്രൈഡിന്റെ ഡയറക്ടര്‍, രണ്ട് ഉന്നത ജീവനക്കാര്‍ എന്നിവര്‍ക്കും മറ്റു ചിലര്‍ക്കും എതിരെ പനാജി പൊലീസ് കേസെടുത്തു.
ഇഡി അസിസ്റ്റന്റ് ഡയറക്ടറായ പൊലൂരി ചെന്ന കേശവ റാവുവിനെയും സംഘത്തെയുമാണ് കാസിനോ കപ്പലിലെ ജീവനക്കാര്‍ ആക്രമിച്ചതെന്ന് പനാജി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് കപ്പലില്‍ തിരച്ചില്‍ നടത്താന്‍ ഇഡി സംഘം എത്തിയപ്പോള്‍ റാവുവിനേയും സംഘത്തേയും മുറിയില്‍ തടഞ്ഞുവച്ചുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
കാസിനോയുടെ ഡയറക്ടര്‍ അശോക് വാഡിയ, ജീവനക്കാരായ ഗോപാല്‍ രാംനാഥ് നായക്, ആരതി രാജ എന്നിവരും മറ്റ് ചിലരും ആക്രമണത്തില്‍ പങ്കെടുത്തു. ഒരു കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടുള്ള തിരച്ചിലില്‍ കാസിനോയില്‍ നിന്നും ഇഡി ശേഖരിച്ച തെളിവുകള്‍ കാസിനോ ഡയറക്ടറും ജീവനക്കാരും നശിപ്പിച്ചുവെന്ന് ഇഡി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.