REPRESENTATIONAL IMAGE
മണിപ്പൂരിലെ മാധ്യമങ്ങള്‍ നല്‍കിയത് ഏകപക്ഷീയമായ റിപ്പോര്‍ട്ടുകളെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്
മണിപ്പൂര്‍ കലാപത്തെക്കുറിച്ച് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ ഏകപക്ഷീയമായതാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് റിപ്പോര്‍ട്ട്. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ വസ്തുതാന്വേഷണ സംഘം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏകപക്ഷീയമായ വാര്‍ത്തകള്‍
ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തതിന് പത്തിലധികം ഉദാഹരണങ്ങളും വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ സുരക്ഷാ സേനയെ, പ്രത്യേകിച്ച് അസം റൈഫിള്‍സിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും അസം റൈഫിള്‍സിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ മണിപ്പൂര്‍ പൊലീസിനെ അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരും അപകീര്‍ത്തിപ്പെടുത്തലിനെ നിശബ്ദമായി പിന്തുണച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസം റൈഫിള്‍സിന് അനധികൃത കുടിയേറ്റക്കാരുമായും മയക്കുമരുന്ന് തീവ്രവാദികളുമായും ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാര്‍ത്തകള്‍ വളച്ചൊടിച്ചു
മണിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. മെയ്‌തെയ് വിഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മറച്ചുവെച്ചു, കുക്കി വിഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമായി വളച്ചൊടിച്ചു, കുക്കികളെ ജീവനോടെ കത്തിച്ചതും അക്രമിക്കുന്നതുമായ പല വാര്‍ത്തകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറയുന്നു. സംഘര്‍ഷ സമയത്ത് വാര്‍ത്തകള്‍ ക്രോസ് ചെക്ക് ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സംഘര്‍ഷം ആരംഭിച്ച മെയ് ആദ്യം മുതല്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിങ്ങ് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. വേണ്ടരീതിയിലുള്ള ആശയവിനിമയം ഇല്ലാതെ ശേഖരിച്ച വാര്‍ത്തകളാണ് പലതും. സംഘര്‍ഷ സാഹചര്യത്തെ വിലയിരുത്താന്‍ ഇത്തരം വാര്‍ത്തകള്‍ പര്യാപ്തമല്ല. മെയ് മൂന്നിന് കലാപം ആരംഭിച്ചതോടെ കുക്കി ഭൂരിപക്ഷ ജില്ലകളായ ചുരാചന്ദ്പൂര്‍, കാങ്‌പോക്പി തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങ് ഇല്ലാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വംശീയ കലാപം നടക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ സമീപനം പോരായ്മയുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.