TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

എഡിറ്റേഴ്‌സ് ഗില്‍ഡ് റിപ്പോര്‍ട്ട്; മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇടക്കാല സംരക്ഷണം നല്‍കി സുപ്രീം കോടതി

16 Sep 2023   |   2 min Read
TMJ News Desk

ഡിറ്റേഴ്‌സ് ഗില്‍ഡിന്റെ വസ്തുതാന്വേഷണ സംഘത്തിനെതിരെ മതസ്പര്‍ധ വളര്‍ത്തി എന്നാരോപിച്ച് കേസെടുക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തെറ്റാണെങ്കില്‍ തന്നെ കുറ്റകൃത്യമല്ലെന്ന് കോടതി മണിപ്പൂര്‍ സര്‍ക്കാരിനോട് വ്യക്തമാക്കി. കേസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച്ചത്തെ ഇടക്കാല സംരക്ഷണവും അനുവദിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ 153 എ വകുപ്പ് ചുമത്താന്‍ സാധിക്കില്ല, റിപ്പോര്‍ട്ടു തയ്യാറാക്കുന്നത് മാധ്യമപ്രവര്‍ത്തകരുടെ അവകാശമാണ്, റിപ്പോര്‍ട്ട് തെറ്റോ ശരിയോ എന്ന് വ്യാഖ്യാനിക്കാം. എന്നാല്‍ മത വികാരം വ്രണപ്പെടുത്തി എന്നാരോപിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തള്ളണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാനുള്ള മണിപ്പൂര്‍ ഹൈക്കോടതിയുടെ നടപടിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

മണിപ്പൂരിലെ വംശീയ കലാപസമയത്തെ മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഇജിഐ യുടെ റിപ്പോര്‍ട്ട് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിക്കുന്നതായിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ വസ്തുതാന്വേഷണ സംഘത്തിലെ മാധ്യമപ്രവര്‍ത്തകരായ സീമ ഗുഹ, ഭരത് ഭൂഷണ്‍, സഞ്ജയ് കപൂര്‍ എന്നിവര്‍ക്കെതിരേയും ഇജിഐയുടെ പ്രസിഡന്റ് സീമ മുസ്തഫക്കെതിരേയും മണിപ്പൂര്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പൊലീസ് കേസെടുത്തതോടെ ഇജിഐ സുപ്രീംകോടതിയെ സമീപിച്ചു.

മാധ്യമങ്ങള്‍ നല്‍കിയത് ഏകപക്ഷീയമായ റിപ്പോര്‍ട്ടുകള്‍

മണിപ്പൂര്‍ കലാപത്തെ കുറിച്ച് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ ഏകപക്ഷീയമായതാണെന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് റിപ്പോര്‍ട്ട്. മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തതായാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ വസ്തുതാന്വേഷണ സംഘം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തതിന് പത്തിലധികം ഉദാഹരണങ്ങളും വസ്തുതാന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നുണ്ട്. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളില്‍ സുരക്ഷാ സേനയെ, പ്രത്യേകിച്ച് അസം റൈഫിള്‍സിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും അസം റൈഫിള്‍സിനെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ മണിപ്പൂര്‍ പൊലീസിനെ അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരും അപകീര്‍ത്തിപ്പെടുത്തലിനെ നിശബ്ദമായി പിന്തുണച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസം റൈഫിള്‍സിന് അനധികൃത കുടിയേറ്റക്കാരുമായും മയക്കുമരുന്ന് തീവ്രവാദികളുമായും ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

മണിപ്പൂര്‍ സന്ദര്‍ശിച്ചത് സൈന്യത്തിന്റെ ക്ഷണപ്രകാരം: ഇജിഐ സുപ്രീംകോടതിയില്‍

മണിപ്പൂര്‍ സന്ദര്‍ശിച്ചത് സൈന്യത്തിന്റെ ക്ഷണപ്രകാരം എന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ (ഇജിഐ) സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പ്രാദേശിക മാധ്യമങ്ങളുടെ അധാര്‍മ്മികമായ റിപ്പോര്‍ട്ടിങ് വസ്തുനിഷ്ഠമായി വിലയിരുത്താനാണ് സൈന്യം ആവശ്യപ്പെട്ടത്, മണിപ്പൂരിലേക്ക് പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് സൈന്യത്തില്‍ നിന്നും കത്തുലഭിച്ചതായും ഇജിഐ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് അധികം വൈകാതെ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ മണിപ്പൂര്‍ പൊലീസ് കേസെടുത്തു, മുഖ്യമന്ത്രി എഡിറ്റേഴ്സ് ഗില്‍ഡിനെതിരായ പ്രതികരണവും നടത്തി.

മണിപ്പൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു റിപ്പോര്‍ട്ട് പുറത്തുവന്നത്. മെയ്‌തെയ് വിഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ മറച്ചുവെച്ചു, കുക്കി വിഭാഗത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമായി വളച്ചൊടിച്ചു, കുക്കികളെ ജീവനോടെ കത്തിച്ചതും അക്രമിക്കുന്നതുമായ പല വാര്‍ത്തകളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല എന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പറയുന്നു. സംഘര്‍ഷ സമയത്ത് വാര്‍ത്തകള്‍ ക്രോസ് ചെക്ക് ചെയ്യാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സംഘര്‍ഷം ആരംഭിച്ച മെയ് ആദ്യം മുതല്‍ സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് റിപ്പോര്‍ട്ടിങ്ങ് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. വേണ്ടരീതിയിലുള്ള ആശയവിനിമയം ഇല്ലാതെ ശേഖരിച്ച വാര്‍ത്തകളാണ് പലതും. സംഘര്‍ഷ സാഹചര്യത്തെ വിലയിരുത്താന്‍ ഇത്തരം വാര്‍ത്തകള്‍ പര്യാപ്തമല്ല. മെയ് മൂന്നിന് കലാപം ആരംഭിച്ചതോടെ കുക്കി ഭൂരിപക്ഷ ജില്ലകളായ ചുരാചന്ദ്പൂര്‍, കാങ്‌പോക്പി തുടങ്ങിയ സ്ഥലങ്ങളില്‍ ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങ് ഇല്ലാതായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.  വംശീയ കലാപം നടക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ സമീപനം പോരായ്മയുള്ളതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


#Daily
Leave a comment