
എട്ട് ബില്യണ്‍ തട്ടിപ്പ്; ക്രിപ്‌റ്റോകറന്‍സി മുന്‍ എക്‌സിക്യൂട്ടീവിന് രണ്ട് വര്‍ഷം തടവ്
എഫ്ടിഎക്സ് എക്സ്ചേഞ്ചില്‍ നിന്ന് 8 ബില്യണ്‍ ഡോളര്‍ കസ്റ്റമര്‍ ഫണ്ട് തട്ടിപ്പ് സംഭവത്തില്‍ എഫ്ടിഎക്‌സ് ക്രിപ്റ്റോകറന്‍സി മുന്‍ എക്സിക്യൂട്ടീവ് കരോലിന്‍ എലിസണിന് രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
സാം ബാങ്ക്മാൻ ഫ്രീഡ് നടത്തിയ വഞ്ചനയില്‍ പങ്കാളിയായതിനാണ് തടവ്. എഫ്ടിഎക്സ് സ്ഥാപകന്‍ സാം ബാങ്ക്മാൻഫ്രീഡിനെതിരായ ക്രിമിനല്‍ കേസിലെ പ്രധാന സാക്ഷി കരോലിന്‍ എലിസണ്‍ ആയിരുന്നു. സാം ബാങ്ക്മാൻ ഫ്രീഡ് കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. നിലവില്‍ 25 വര്‍ഷത്തെ തടവ് അനുഭവിക്കുകയാണ്.
എഫ്ടിഎക്സിന്റെ തകര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ, വഞ്ചന ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ കരോലിന്‍ കുറ്റസമ്മതം നടത്തി. പരമാവധി 110 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ് കരോലിന്‍ എലിസണിനെതിരെയുള്ളത്. എന്നാല്‍ അന്വേഷകരുമായി സഹകരിച്ചതിന് എലിസണിന് ജഡ്ജിയും പ്രോസിക്യൂട്ടര്‍മാരും ശിക്ഷ ഇളവ് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു.
FTX സ്ഥാപിതമായത് 2019-ലാണ്. രണ്ട് വര്‍ഷത്തിന് ശേഷം ഇത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായി വളര്‍ന്നു. 2022-ല്‍, സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് സാം ബാങ്ക്മാൻ ഫ്രീഡിന്റെ കുറ്റകൃത്യങ്ങള്‍ പുറത്തുവരുകയും വഞ്ചന, കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഗൂഢാലോചന എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ന്യൂയോര്‍ക്ക് ജൂറി കഴിഞ്ഞ വര്‍ഷമാണ് സാം ബാങ്ക്മാൻ ഫ്രീഡിനെ ശിക്ഷിച്ചത്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളിലൊന്നാണ് സാം ബാങ്ക്മാൻ ഫ്രീഡിന്റെ നടപടികളെ പ്രോസിക്യൂട്ടര്‍മാര്‍ വിശേഷിപ്പിച്ചത്.