TMJ
searchnav-menu
post-thumbnail

ഡീഗോ മറഡോണ | Photo: Flickr

TMJ Daily

മറഡോണയുടെ മരണത്തിൽ വിചാരണ നേരിട്ട് എട്ട് ആരോഗ്യ പ്രവർത്തകർ

20 Apr 2023   |   2 min Read
TMJ News Desk

ർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് എട്ട് ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള വിചാരണ കോടതി ശരിവച്ചതായി അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറഡോണയുടെ പരിചാരകരായിരുന്ന എട്ട് പേരാണ് കോടതിയിൽ വിചാരണ നേരിടേണ്ടി വരുക.

തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം വിശ്രമിച്ചിരുന്ന മറഡോണയോട് പരിചാരകർ ഉത്തരവാദിത്തതോടെ പെരുമാറിയില്ലെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. പരിചാരകരുടെ നിരുത്തരവാദിത്തം മറഡോണയെ മരണത്തിന് വിട്ടു കൊടുത്തുവെന്നാണ് പ്രോസിക്യൂട്ടറുടെ വാദം.

ന്യൂറോ സർജനും കുടുംബ ഡോക്ടർമാരുമായ ലിയോപോൾഡോ ലുക്ക്, സൈക്കാട്രിസ്റ്റ് അഗസ്റ്റിന കൊസച്ചോവ്, സൈക്കോളജിസ്റ്റ് കോർലോസ് ഡയസ്, മെഡിക്കൽ കോ-ഓർഡിനേറ്റർ നാൻസി ഫോർലിനി നാല് നഴ്‌സുമാർ എന്നിവരാണ് വിചാരണ നേരിടേണ്ടി വരുക. എട്ട് വർഷം മുതൽ 25 വർഷം വരെ തടവ് കിട്ടാവുന്ന ശിക്ഷയാണ് ഇവരുടെ മേൽ ചുമത്തപ്പെട്ടിരിക്കുന്നത്. അടുത്ത വർഷം വരെ നടപടിക്രമങ്ങൾ ആരംഭിക്കാൻ സാധ്യതയില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ഇവർ വിചാരണ നേരിടുക.

2020 നവംബർ 25നാണ് മറഡോണ മരണപ്പെട്ടത്. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ഹൃദയാഘാതം മൂലമായിരുന്നു മറഡോണയുടെ മരണം. അദ്ദേഹത്തെ കൃത്യമായ സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നാണ് മെഡിക്കൽ റിപ്പോർട്ട്. 12 മണിക്കൂറോളം മറഡോണ വേദനയുടെ സൂചനകൾ പ്രകടിപ്പിച്ചിരുന്നു. അരമണിക്കൂർ വൈകിയാണ് ആംബുലൻസ് എത്തിയതെന്നും മെഡിക്കൽ റിപ്പോർട്ടിൽ വെളിപ്പെടുത്തി.

അജയ്യനായ ഫുട്‌ബോൾ ഇതിഹാസം

അവിശ്വസനീയ പ്രകടനത്തിലൂടെ 1986 മെക്‌സിക്കോ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേയ്ക്ക് നയിച്ച മറഡോണ ആധുനിക ഫുട്‌ബോളിലെ അജയ്യനായ താരമാണ്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച ഫുട്‌ബോൾ കളിക്കാരനെന്ന ഫിഫയുടെ ബഹുമതി പെലെയ്‌ക്കൊപ്പം മറഡോണ പങ്കുവയ്ക്കുന്നു. 1960 ഒക്ടോബർ 30 ന് ബ്യൂണസ് അയേഴ്‌സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണയുടെ ജനനം.  പത്താം വയസ്സിൽ തദ്ദേശീയ ക്ലബായ എസ്‌ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾത്തന്നെ തന്റെ പ്രകടനങ്ങൾ കൊണ്ട് മറഡോണ ശ്രദ്ധേയനായി. തുടർന്ന് അർജന്റിനോസ് ജൂനിയഴ്‌സിന്റെ ഒരു ജൂനിയർ ടീമായ ലോസ് സെബൊളിറ്റാസിൽ അംഗമായി. അർജന്റീനയിലെ ഒന്നാം ഡിവിഷൻ കളികളുടെ ഇടവേളകളിലെ പന്തു കൊണ്ടുള്ള പ്രകടനങ്ങൾ മറഡോണക്ക് മാധ്യമശ്രദ്ധ നൽകി.

1976 മുതൽ 1980 വരെയുള്ള കാലയളവിൽ അർജന്റീനോസ് ജൂനിയേഴ്‌സിനു വേണ്ടി മറഡോണ 166 മത്സരങ്ങൾ കളിക്കുകയും അതിൽ നിന്ന് 111 ഗോളുകൾ നേടുകയും ചെയ്തു. 1975 ൽ അർജന്റീന ഒന്നാം ഡിവിഷൻ ലീഗിലെ 20 ടീമുകളിൽ പത്തൊമ്പതാം സ്ഥാനത്തായിരുന്ന അർജന്റീനോസ് ജൂനിയേഴ്‌സ്, 1980-ൽ രണ്ടാം സ്ഥാനത്തേയ്ക്ക് എത്തിയതിൽ മറഡോണയുടെ പങ്ക് എടുത്തുപറയേണ്ടതാണ്.  

1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. 1986 ലെ ലോകകപ്പിൽ മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമനിയെ പരാജയപ്പെടുത്തി ലോകകപ്പ് നേടുകയും, മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു.

ദൈവത്തിന്റെ കൈ, നൂറ്റാണ്ടിന്റെ ഗോൾ

മെക്‌സിക്കോ ലോകകപ്പിലെ തന്നെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ 'ദൈവത്തിന്റെ കൈ' എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ 'നൂറ്റാണ്ടിന്റെ ഗോൾ' ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ഫുട്‌ബോൾ ഗ്രൗണ്ടിൽ വിസ്മയങ്ങൾ തീർത്ത മറഡോണ കാൽപന്തുകളിയിലെ ദൈവം എന്നുപോലും വിശേഷിപ്പിക്കപ്പെട്ടു.


#Daily
Leave a comment