TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: WIKI COMMONS

TMJ Daily

പാഠപുസ്തകങ്ങളിൽ 18 സുപ്രധാന മാറ്റങ്ങൾ; ഉത്തരവിറക്കി കർണാടക സർക്കാർ

19 Jun 2023   |   2 min Read
TMJ News Desk

ർണാടകയിൽ 6-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ഉത്തരവിറക്കി കർണാടക സർക്കാർ. സുപ്രധാനമായ 18 മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. സ്‌കൂൾ പാഠപുസ്തകങ്ങളിൽ ബിജെപി സർക്കാർ കൊണ്ടുവന്ന മാറ്റങ്ങൾ പിൻവലിക്കാനാണ് സർക്കാർ തീരുമാനം. ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗേവാറിനേയും വി ഡി സവർക്കറെയും കുറിച്ചുള്ള ഭാഗങ്ങൾ ഉൾപ്പെടെ ബിജെപി സർക്കാരിന്റെ ഭരണകാലത്ത് പുസ്തകങ്ങളിൽ കൂട്ടിച്ചേർക്കുകയും ബി ആർ അംബേദ്കർ, ജവഹർലാൽ നെഹ്‌റു, സാവിത്രി ബായി ഫൂലെ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കുകയും ചെയ്തിരുന്നു.

പത്താം ക്ലാസ് കന്നട പുസ്തകത്തിൽനിന്ന് കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ ജീവചരിത്രത്തിനു പകരം ശിവകോട്യാചാര്യ എഴുതിയ സുകുമാര സ്വാമിയുടെ കഥ ഉൾപ്പെടുത്തി. എട്ടാം ക്ലാസിലെ പുസ്തകത്തിൽ നിന്ന് കെ ടി ഗട്ടി എഴുതിയ വി ഡി സവർക്കറിന്റെ പാഠഭാഗം ഒഴിവാക്കുകയും പകരം വിജയമാല രംഗനാഥ് എഴുതിയ ബ്ലഡ് ഗ്രൂപ്പ് ഉൾപ്പെടുത്തുകയും ചെയ്തു. എട്ടാംക്ലാസിലെ തന്നെ പുസ്തകത്തിലെ ഭൂ കൈലാസ എന്ന നാടകം മാറ്റിയാണ് ജവഹർലാൽ നെഹ്‌റു ഇന്ദിരാ ഗാന്ധിക്കെഴുതിയ കത്തുകൾ ഉൾപ്പെടുത്തിയത്. ആറാം ക്ലാസിലെ സാമൂഹിക പാഠത്തിൽ വേദകാലത്തെ സംസ്‌കാരം, പുതിയ മതങ്ങളുടെ ഉത്ഭവം എന്നിവ കൂട്ടിച്ചേർത്തു. ഇത്തരത്തിൽ 18 സുപ്രധാന മാറ്റങ്ങളാണ് പാഠപുസ്തകങ്ങളിൽ കൊണ്ടുവരുന്നത്. പുതുതായി ഉൾപ്പെടുത്തുന്ന പാഠങ്ങൾ ലഘു പുസ്തകങ്ങളായി അച്ചടിച്ച് സ്‌കൂളുകൾക്ക് കൈമാറാനാണ് തീരുമാനം. കൂടാതെ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും ഇത് പ്രസിദ്ധീകരിക്കും. വിഷയത്തിൽ ലഘുലേഖ തയ്യാറാക്കി സംസ്ഥാനത്തെ 72,000 വിദ്യാലയങ്ങളിലെ കുട്ടികൾക്ക് വിതരണം ചെയ്യും എന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു.

പാഠപുസ്തകങ്ങളിൽ വരുന്ന മാറ്റങ്ങൾ

പലപ്പോഴും സ്‌റ്റേറ്റ് സിലബസുകളിലും എൻസിഇആർടി സിലബസുകളിലും പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ വിവാദം സൃഷ്ടിക്കാറുണ്ട്. കർണാടയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ വരുത്തിയ മാറ്റങ്ങളും വിമർശനങ്ങൾക്ക് കാരണമായിരുന്നു. എൻസിഇആർടി പാഠപുസ്തകങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ തങ്ങളുടെ അറിവോടെയോ നിർദേശങ്ങൾക്കനുസരിച്ചോ അല്ല എന്നാരോപിച്ച് കൊണ്ട് സമിതി അംഗങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച്ച പാഠപുസ്തക സമിതിയിൽ നിന്ന് തങ്ങളുടെ പേര് വെട്ടാൻ ആവശ്യപ്പെട്ടിരുന്നു. എൻസിഇആർടി യുടെ പാഠപുസ്തക വികസന സമിതിയുടെ ഭാഗമായ 33 വിദഗ്ധരാണ് പൊളിറ്റിക്കൽ സയൻസ് പുസ്തകങ്ങളിൽ നിന്നും തങ്ങളുടെ പേരു വെട്ടാൻ ആവശ്യപ്പെട്ടത്. പുസ്തകങ്ങളിൽ തങ്ങളുടെ അറിവോ നിർദേശങ്ങളോ കൂടാതെയാണ് മാറ്റങ്ങൾ വരുത്തുന്നതെന്ന് അംഗങ്ങൾ പറഞ്ഞു. ആവശ്യം ഉന്നയിച്ചുകൊണ്ട് അംഗങ്ങൾ എൻസിഇആർടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനിക്ക് കത്തയച്ചിരുന്നു. മാലിനി ഘോഷ്, പ്രതാപ് ഭാനു മേത്ത, നിവേദിത മേനോൻ, ചൈത്ര റെഡ്കർ, രാജേഷ് ദേവ്, പീറ്റർ റൊണാൾഡ് ഡിസൂസ, രാജീവ് ഭാർഗവ, മുസാഫർ ആസാദി എന്നിവരാണ് കത്തിൽ ഒപ്പുവച്ചത്. സുഹാസ് പാൽഷിക്കറും പൊളിറ്റിക്കൽ സയന്റിസ്റ്റായ യോഗേന്ദ്ര യാദവും ജൂൺ 8 ന് സമാനമായ ആവശ്യം ഉന്നയിച്ചുകൊണ്ട് ദിനേശ് പ്രസാദിന് കത്തയച്ചിരുന്നു. എന്നാൽ ഇവരുടെ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പുതിയ നീക്കം.

ഉപദേശക സമിതിയുടെ തീരുമാനത്തിലല്ല എൻസിഇആർടി പല പാഠഭാഗങ്ങളും നീക്കം ചെയ്യുന്നത്. 2002 ലെ ഗുജറാത്ത് കലാപം, ഗാന്ധിജിയുടെ കൊലപാതകത്തിന് ശേഷം ആർഎസ്എസ് നെ നിരോധിച്ചത്, ഇന്ത്യയിലെ മുഗൾ ഭരണം, തുടങ്ങിയ പല ഭാഗങ്ങളും പാഠപുസ്തകങ്ങളിൽ നിന്നും എൻസിഇആർടി നീക്കം ചെയ്തിട്ടുണ്ട്. ഇതിനെ എതിർത്തുകൊണ്ടാണ് ഉപദേശക സമിതി അംഗങ്ങളുടെ പുതിയ തീരുമാനം. വിദ്യാർത്ഥികളുടെ പഠനഭാരം കുറക്കാനാണ് നടപടി എന്നായിരുന്നു എൻസിഇആർടി യുടെ വാദം. എന്നാൽ വിവിധ വീക്ഷണങ്ങളിൽ നിന്നും പ്രത്യയശാസ്ത്ര പശ്ചാത്തലത്തിൽ നിന്നുമുള്ള വിദഗ്ദരുടെ വിപുലമായ ആലോചനയുടേയും സഹകരണത്തിന്റെയും ഫലമാണ് പാഠപുസ്തകങ്ങളെന്ന് കത്തിൽ സമിതി അംഗങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

എൻസിഇആർടി ഇപ്പോൾ പുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ചില വാക്യങ്ങളും പാഠഭാഗങ്ങളും നീക്കം ചെയ്യുകയും അഭികാമ്യം എന്നു തോന്നുന്ന ചിലതിന് പ്രാധാന്യം നൽകുകയും ചെയ്യുന്നു. എന്നാൽ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തേണ്ടതും ഉൾപ്പെടുത്താൻ സാധിക്കാത്തതുമായ ഭാഗങ്ങൾ തീരുമാനിക്കുന്നവർ ആരാണെന്നറിയില്ല, ഇത് എല്ലാ തത്വങ്ങളേയും ലംഘിക്കുന്നതാണെന്നും പാഠപുസ്തകങ്ങളിൽ മാറ്റങ്ങൾ വരുത്തിയതു കൊണ്ടുതന്നെ തങ്ങളുടെ പേരുകൾ പുസ്തകങ്ങളുമായി ബന്ധപ്പെടുത്തുന്നതിൽ താൽപര്യം ഇല്ല എന്നും സമിതി അംഗങ്ങൾ വ്യക്തമാക്കി.

പരിണാമ സിദ്ധാന്തം ഒഴിവാക്കി

ഒൻപത് പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ നിന്നും പരിണാമ സിദ്ധാന്തം നീക്കുന്നതിനുള്ള എൻസിഇആർടി നീക്കത്തിനെതിരെ ശാസ്ത്രജ്ഞരും അധ്യാപകരും രംഗത്തെത്തിയിരുന്നു. പരിണാമ സിദ്ധാന്തത്തെ പാഠപുസ്തകങ്ങളിൽ നിന്ന് ഒഴിവാക്കരുതെന്നാവശ്യപ്പെട്ട് 1800-ഓളം ശാസ്ത്രജ്ഞരും അധ്യാപകരുമാണ് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗിന് (എൻസിആർടി) കത്തെഴുതിയിരുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാന കണ്ടെത്തൽ കുട്ടികൾ പഠിച്ചില്ലെങ്കിൽ വിദ്യാർഥികൾക്ക് അവരുടെ ചിന്താ പ്രക്രിയകളിൽ ഗുരുതരമായ വൈകല്യമുണ്ടാകുമെന്ന് ശാസ്ത്ര സമൂഹം കരുതുന്നതായി കത്തിൽ പറഞ്ഞിരുന്നു. പത്താം ക്ലാസിലെ പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തിന്റെ പട്ടികയിൽ 'പൈതൃകവും പരിണാമവും' എന്ന തലക്കെട്ടിലെ പരിണാമം ഒഴിവാക്കി 9-ാം അദ്ധ്യായം 'പാരമ്പര്യം' എന്ന് മാത്രമാക്കിയിട്ടുണ്ട്.


#Daily
Leave a comment