TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ലോകത്തിന്റെ ശ്രദ്ധ ഇനി ഡല്‍ഹിയില്‍; ജി 20 ഉച്ചകോടിക്ക് നാളെ തുടക്കം 

08 Sep 2023   |   2 min Read
TMJ News Desk

18-ാം മത് ജി 20 ഉച്ചകോടിക്കായി ലോക നേതാക്കള്‍ ഇന്ന് ഇന്ത്യയിലെത്തും. ഡല്‍ഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തില്‍ ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ 20 അംഗരാജ്യങ്ങള്‍, ക്ഷണിതാക്കളായ എട്ട് രാജ്യങ്ങള്‍, 14 ലോകസംഘടനകള്‍ എന്നിവയുടെ മേധാവികള്‍ പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് റമാഫോസയാണ് ഉച്ചകോടിക്കായി ആദ്യം എത്തിച്ചേര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനു പുറമെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി അന്തോണി അല്‍ബാനിസ്, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്, ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദ, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡൊഡൊ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ബ്രസീല്‍ പ്രസിഡന്റ് ലുലാ ഡാ സില്‍വ തുടങ്ങിയവര്‍ ഉച്ചകോടിയില്‍ സംബന്ധിക്കും. 
ശനിയാഴ്ച വിശിഷ്ടാതിഥികള്‍ക്കായി രാഷ്ട്രപതി ദ്രൗപതി മുര്‍മു അത്താഴവിരുന്ന് ഒരുക്കും. 

ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണ ശ്യംഖല തുടങ്ങിയ വിഷയങ്ങളിലെ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കും. ഞായറാഴ്ച രാവിലെ ജി 20 പങ്കെടുക്കുന്ന ലോകനേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധിയുടെ സമാധി സ്ഥലവും സന്ദര്‍ശിക്കും.

പഴുതടച്ച സുരക്ഷയില്‍ തലസ്ഥാനം

ഡല്‍ഹി നഗരം ഇതുവരെ കാണാത്ത സുരക്ഷയാണ് ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഗതാഗത നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതായി ഡല്‍ഹി പോലീസ് അറിയിച്ചു. ലോക നേതാക്കള്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്ക് ഉള്‍പ്പെടെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സെന്‍ട്രല്‍ ഡല്‍ഹി, ഏറോസിറ്റി, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് വിവിഐപികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുമ്പുതന്നെ പഴുതടച്ച സുരക്ഷാവലയത്തിലാണ് ഡല്‍ഹിയും പരിസരവും. 1,30,000 ഉദ്യോഗസ്ഥരെയാണ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്. ഇതില്‍ 80,000 പേര്‍ ഡല്‍ഹി പോലീസില്‍ നിന്നുതന്നെയാണ്. നേതാക്കളുടെ സുരക്ഷയ്ക്കായി 45,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ ഹോട്ടലുകള്‍ക്ക് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ആകാശസുരക്ഷയ്ക്കായി വ്യോമസേന മുന്‍നിര ഫൈറ്റര്‍ ജെറ്റുകള്‍, റഡാറുകള്‍, ആന്റി ഡ്രോണ്‍ സംവിധാനങ്ങളും, ഭൂതല-ആകാശ മിസൈലുകളും സ്ഥാപിച്ചിട്ടുണ്ട്. 

സെപ്തംബര്‍ എട്ടുമുതല്‍ 11 വരെ ഡല്‍ഹിയുമായി ബന്ധപ്പെട്ട ട്രെയിന്‍ സര്‍വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 200 ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കി. പ്രധാനവേദിക്കും വിശിഷ്ടാതിഥികള്‍ താമസിക്കുന്ന ഹോട്ടലുകള്‍ക്കും സമീപത്തെ ട്രെയിന്‍ സര്‍വീസുകള്‍ക്കാണ് നിയന്ത്രണം. കൂടാതെ സെപ്തംബര്‍ എട്ടു മുതല്‍ 10 വരെ ഡല്‍ഹിയിലെ വിവിധ മെട്രോ സ്റ്റേഷനുകളും അടച്ചിടും. 

ഉച്ചകോടി വേദിയും പ്രതിനിധികള്‍ക്കുള്ള ഹോട്ടലുകളും സ്ഥിതിചെയ്യുന്ന പ്രദേശത്ത് മരുന്നുകള്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങള്‍ നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. ഉച്ചകോടിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ അഞ്ചുമുതല്‍ ഞായറാഴ്ച അര്‍ധരാത്രിവരെ ന്യൂഡല്‍ഹിയെ നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍, ബസുകള്‍, ഓട്ടോറിക്ഷകള്‍, ടാക്‌സികള്‍ എന്നിവയ്ക്കും പോലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.  ഇന്ത്യാ ഗേറ്റും പരിസരവും നിയന്ത്രിത മേഖലയിലായതിനാല്‍ കാല്‍നട, സൈക്കിള്‍ യാത്രയും നിരോധിച്ചു. 

ഓണ്‍ലൈന്‍ ഭക്ഷണത്തിനും വിലക്ക്

ഉച്ചകോടിയോടനുബന്ധിച്ച ദിവസങ്ങളില്‍ ക്ലൗഡ് കിച്ചണുകളും ഫുഡ് ഡെലിവറികളും ആമസോണ്‍ ഡെലിവറികള്‍ പോലുള്ളവയും അനുവദിക്കില്ലെന്ന് സ്പെഷ്യല്‍ പോലീസ് കമ്മീഷണര്‍ എസ്എസ് യാദവ് അറിയിച്ചു. എന്നാല്‍ ഉച്ചകോടിയുടെ ഭാഗമായി നഗരത്തില്‍ ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി. 

വിട്ടുനിന്ന് ചൈനീസ്, റഷ്യന്‍ പ്രസിഡന്റുമാര്‍

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗും ഉച്ചകോടിയില്‍ പങ്കെടുക്കില്ല. പകരം റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവും ചൈനീസ് പ്രധാനമന്ത്രി ലി ചിയാങും എത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം വീണ്ടും ശക്തമാകുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റിന്റെ നീക്കം. ഉച്ചകോടി കഴിയും വരെ അതിര്‍ത്തി വിഷയത്തില്‍ സംയമനം പാലിക്കാനാണ് ഇന്ത്യയുടെ തീരുമാനം. 2023 മാര്‍ച്ചില്‍ ചൈനയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷമുള്ള ലി ചിയാങിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. 

പ്രതിഷേധത്തിനൊരുങ്ങി ടിബറ്റന്‍ സമൂഹം 

ചൈനയ്‌ക്കെതിരെ പ്രതിഷേധം നടത്തുമെന്ന് ദില്ലിയിലെ ടിബറ്റന്‍ സമൂഹം അറിയിച്ചിട്ടുണ്ട്. നാളെ ദില്ലിയിലെ മജ്‌നു കാ തില്ലയില്‍ പ്രതിഷേധിക്കാനാണ് ആഹ്വാനം. ചൈന അനധികൃതമായി തങ്ങളുടെ സ്ഥലം കയ്യേറിയിരിക്കുന്നുവെന്ന് ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ചൈനീസ് പ്രതിനിധി സന്ദര്‍ശനം നടത്തുമ്പോള്‍ ശബ്ദം ഉയര്‍ത്തേണ്ടത് തങ്ങളുടെ കടമയാണെന്നും ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.


#Daily
Leave a comment