TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE: PTI

TMJ Daily

പ്ലസ് ടു പരീക്ഷയിൽ 82.95% വിജയം, വിഎച്ച്എസ്ഇയിൽ 78.39%

25 May 2023   |   2 min Read
TMJ News Desk

ണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ 82.95% വിജയം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിലാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞവർഷം 83.87% ആയിരുന്നു. ഈ വർഷം വിജയശതമാനത്തിൽ 0.92% കുറവുണ്ടായി. ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 3,76,135 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 3,12,005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 77 സ്‌കൂളുകൾ 100 ശതമാനം വിജയം നേടി. സേ പരീക്ഷകൾ ജൂൺ 21 മുതലാണ്.

ആകെ കുട്ടികൾ- 3,76,135
ആൺകുട്ടികൾ- 1,81,624
പെൺകുട്ടികൾ- 1,94,511
സയൻസ്- 87.31%
കൊമേഴ്‌സ്- 82.75%
ഹ്യുമാനിറ്റിസ്- 71.93%

ഹയർ സെക്കൻഡറി റഗുലർ വിദ്യാർഥികളിൽ സയൻസ് വിഷയത്തിൽ 1,93,544 പേർ പരീക്ഷ എഴുതിയതിൽ 1,68,975 പേർ ഉപരിപഠനത്തിന് അർഹത നേടി. ഹ്യുമാനിറ്റീസിൽ 74,482 പേർ പരീക്ഷ എഴുതിയതിൽ 53,575 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. കൊമേഴ്‌സ് വിഭാഗത്തിൽ 1,08 109 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 89,455 പേർ ഉപരിപഠനത്തിന് അർഹത നേടി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 33,815 വിദ്യാർഥികളാണ്. വിജയശതമാനം കൂടുതൽ എറണാകുളം ജില്ലയിയാണ് 87.55%. 76.59% നേടിയ പത്തനംതിട്ട ജില്ലയിലാണ് കുറവ് വിജയശതമാനം.

വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 28,495 പേർ പരീക്ഷ എഴുതിയതിൽ 22,338 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 78.39% ആണ് വിജയശതമാനം. കഴിഞ്ഞ തവണ 78.26% ആയിരുന്നു. ഇത്തവണ 0.13% ആയി ഉയർന്നു. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് വയനാട് ജില്ലയിലാണ്. 83.63 ശതമാനം പേർ. വിജയശതമാനം കുറവ്  പത്തനംതിട്ടയിലാണ്, 68.48%. 20 സ്‌കൂളുകൾക്ക് നൂറ് മേനി വിജയം ലഭിച്ചു. 12 സർക്കാർ സ്‌കൂളുകളും എട്ട് എയ്ഡഡ് സ്‌കൂളുകളും മുഴുവൻ വിജയം സ്വന്തമാക്കി. 373 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 187 ആയിരുന്നു.

വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. പുനർമൂല്യനിർണയത്തിന് മേയ് 31 വരെ അപേക്ഷിക്കാം. പ്ലസ് വൺ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷ നല്കാം. ട്രയല് അലോട്ട്‌മെന്റ് ജൂൺ 13ന് നടക്കും. ജൂൺ 19ന് ആദ്യ അലോട്ട്‌മെന്റും ജൂലൈ അഞ്ചിന് ക്ലാസും തുടങ്ങും. അപേക്ഷ ഓൺലൈനായി നൽകണം. സപ്ലിമെന്ററി അലോട്ട്‌മെന്റും ഉണ്ടാകും. ഓഗസ്റ്റ് നാലിന് പ്രവേശന നടപടി അവസാനിക്കും. നല്ല ഫലമാണ് പ്ലസ് ടുവിന്റേതെന്ന് പ്രഖ്യാപന ശേഷം മന്ത്രി പറഞ്ഞു.

ഒന്നും രണ്ടും വർഷ പൊതുപരീക്ഷകളുടെ ഫലങ്ങളും നിരന്തര മൂല്യനിർണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ മാർക്കും ഗ്രേസ് മാർക്കും സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തിയിരിക്കും. ഓരോ വിഷയത്തിനും ലഭിച്ച മൊത്തം മാർക്കും ഗ്രേഡും സർട്ടിഫിക്കറ്റിൽ ലഭ്യമാണ്. സർട്ടിഫിക്കറ്റിന്റെ വിതരണം ജൂലൈ മാസം പൂർത്തീകരിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 2013 മുതൽ സർട്ടിഫിക്കറ്റുകൾ സ്‌കൂൾ സീലും, പ്രിൻസിപ്പലിന്റെ ഒപ്പും രേഖപ്പെടുത്തിയാണ് നൽകുന്നത്.


#Daily
Leave a comment