എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്; ഷാരൂഖിനെതിരെ കൊലക്കുറ്റം ചുമത്തി
എലത്തൂര്‍ ട്രെയിന്‍ തീവെപ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. മൂന്നുപേരുടെ മരണത്തില്‍ ഷാരൂഖിന് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. അതേസമയം, കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തിയിട്ടില്ലെന്നാണ് സൂചന.
നേരത്തെ കേസില്‍ ഐപിസി 302 (കൊലക്കുറ്റം) ചുമത്തിയിരുന്നില്ല. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് കൊലക്കുറ്റം ചുമത്തിയത്. കൂടാതെ വധശ്രമം, അപകടകരമായി പരുക്കേല്‍പ്പിക്കല്‍, സ്‌ഫോടകവസ്തു ഉപയോഗിച്ച് ആക്രമിക്കല്‍, റെയില്‍വേ ആക്ട് പ്രകാരം പൊതുമുതല്‍ നശിപ്പിക്കല്‍ ഇവയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
അതേസമയം, പ്രതി ഷാരൂഖ് സെയ്ഫിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി എസ്.വി മനേഷ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഈ മാസം 20 വരെയാണ് റിമാന്‍ഡ് ചെയ്തത്.
ജയിലില്‍ കിടക്കാന്‍ കഴിയാത്തവിധം രോഗാവസ്ഥയില്ലെന്ന് കണ്ടെത്തിയതിനാല്‍ ഷാരൂഖിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനമായി. തിങ്കളാഴ്ച പരിശോധനയ്ക്കു കൊണ്ടുവരണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഡിസ്ചാര്‍ജിനുശേഷം കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റും. അതീവ സുരക്ഷാ സെല്ലിലാകും പ്രതിയെ പാര്‍പ്പിക്കുകയെന്നാണ് സൂചന.
കഴിഞ്ഞ ഞായറാഴ്ച രാത്രി 9.11 ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നു കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിനില്‍ എലത്തൂരില്‍ വച്ചാണ് തീവെപ്പ് നടത്തിയത്. ഡി1 കോച്ചില്‍ പെട്രോള്‍ ഒഴിച്ച് പ്രതി തീകൊളുത്തുകയായിരുന്നു. സംഭവത്തിനിടെ മട്ടന്നൂര്‍ സ്വദേശി റഹ്‌മത്ത്, റഹ്‌മത്തിന്റെ സഹോദരിയുടെ മകള്‍ രണ്ടുവയസ്സുകാരി സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫീഖ് എന്നിവരെയാണ് ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരുടെയും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളൊന്നും കണ്ടെത്തിയിരുന്നില്ല. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണമായി പറയുന്നത്. തീ പടര്‍ന്നപ്പോള്‍ രക്ഷപ്പെടാന്‍ ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയതാകാം മരണകാരണമെന്ന് പറയപ്പെടുന്നു.