TMJ
searchnav-menu
post-thumbnail

TMJ Daily

തിരഞ്ഞെടുപ്പ് ചട്ട ഭേദഗതി: മോഡി സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍

22 Dec 2024   |   1 min Read
TMJ News Desk

ചില ഇലക്ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി ലഭിക്കുന്നത് തടയുന്നതിനായി തിരഞ്ഞെടുപ്പ് ചട്ടത്തില്‍ വരുത്തിയ ഭേദഗതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യസന്ധതയെ തകര്‍ക്കാനുള്ള മോഡി സര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ .

മോഡി സര്‍ക്കാര്‍ ക്രമാനുഗതമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യസന്ധത ഇല്ലാതാക്കുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിന്റേയും മേലുള്ള ആക്രമണമാണെന്ന് ഖാര്‍ഗെ പറഞ്ഞു. അവയെ സുരക്ഷിതമാക്കാന്‍ എല്ലാ നടപടികളും തങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിസിടിവി ക്യാമറ, വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ പോലുള്ള ഇലക്ട്രോണിക് വിവരങ്ങള്‍ പൊതുജനങ്ങള്‍ പരിശോധിക്കുന്നതും സ്ഥാനാര്‍ത്ഥികളുടെ വീഡിയോ റെക്കോര്‍ഡുകളും തടയുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ചട്ടത്തില്‍ ഭേദഗതി വരുത്തിയിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര നിയമ മന്ത്രാലയം വെള്ളിയാഴ്ച്ച തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ റൂള്‍ 93 (2)(എ) ഭേദഗതി ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കാനുള്ള പാനലില്‍ നിന്നും ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു. ഇപ്പോള്‍ അവര്‍ തിരഞ്ഞെടുപ്പ് വിവരങ്ങള്‍ തടയുന്നുവെന്ന് ഖാര്‍ഗെ എക്‌സില്‍ പോസ്റ്റ് ചെയ്തു. അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമായിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് ഇത് വീണ്ടും തെളിയിക്കുന്നുവെന്ന് ഖാര്‍ഗെ പറഞ്ഞു.

ചട്ടം ഭേദഗതി ചെയ്തതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.


#Daily
Leave a comment