തെരഞ്ഞെടുപ്പ് ബോണ്ട്: വിശദവിവരങ്ങള്‍ നാളെ നല്‍കണം; സുപ്രീം കോടതി
തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ വഴി ലഭിച്ച പണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും നാളെ (മാര്‍ച്ച് 12) സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്ബിഐ) നിര്‍ദേശം നല്‍കി. 2019 മുതല്‍ തെരഞ്ഞെടുപ്പ് കടപ്പത്രങ്ങള്‍ വഴി രാഷ്ട്രീയപാര്‍ട്ടികള്‍ സമാഹരിച്ച തുകയുടെ രേഖകളും വിശദവിവരങ്ങളും സമര്‍പ്പിക്കുന്നതിന് ജൂണ്‍ 30 വരെ സമയം അനുവദിക്കണമെന്ന എസ്ബിഐ-യുടെ ആവശ്യം പരമോന്നത കോടതി തള്ളി. ചൊവ്വാഴ്ച കോടതി സമയം അവസാനിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുവാന്‍ തിങ്കളാഴ്ച കോടതി നിര്‍ദേശം നല്‍കി.
ഉറവിടം വെളിപ്പെടുത്താതെ രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവന സ്വീകരിക്കുവാന്‍ വേണ്ട നിയമപരിരക്ഷ ഒരുക്കിയ തെരഞ്ഞെടുപ്പ് കടപ്പത്ര പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് ഫെബ്രുവരി 15 ന് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് വിധിച്ചിരുന്നു. 2019 മുതല്‍ ഇതുവരെ രാഷ്ട്രീയകക്ഷികള്‍ കടപ്പത്രം വഴി സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ സംഭാവന നല്‍കിയ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളടക്കം മാര്‍ച്ച് ആറിനകം വെളിപ്പെടുത്തണമെന്നും കടപ്പത്ര ഇടപാടുകള്‍ നടത്തിയ എസ്ബിഐ യോട് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ബന്ധപ്പെട്ട രേഖകള്‍ ശേഖരിക്കുവാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് ബാങ്ക് കോടതിയെ സമീപിക്കുകയായിരുന്നു. ജൂണ്‍ 30 വരെ സമയം വേണമെന്നായിരുന്നു ബാങ്കിന്റെ ആവശ്യം.
ബാങ്കിന്റെ ഈ ആവശ്യമാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതിയുടെ അഞ്ചുപേരുടെ ഭരണഘടനാ ബെഞ്ച് തള്ളിയത്. കടപ്പത്രത്തില്‍ പണം നല്‍കിയവരുടെയും, സ്വീകരിച്ചവരുടെയും വിവരങ്ങള്‍ കോര്‍ ബാങ്കിങ് സംവിധാനത്തില്‍ ഇല്ലാത്തതിനാലാണ് കൂടുതല്‍ സമയം വേണ്ടത് എന്നായിരുന്നു ബാങ്കിന്റെ വാദം.
കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപി ക്കാണ് കടപ്പത്രംവഴി സമാഹരിച്ച പണത്തിന്റെ സിംഹഭാഗവും ലഭിച്ചതെന്നാണ് വിവരം. കടപ്പത്രത്തില്‍ നിക്ഷേപിച്ചവരുടെ വിവരംകൂടി പുറത്തുവരുന്നതോടെ രാഷ്ട്രീയകക്ഷികള്‍ പണം സമാഹരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുന്നതിന് സുപ്രീം കോടതി വിധി വഴിയൊരുക്കുമെന്ന് കരുതപ്പെടുന്നു.