പ്രചരണം അവസാന ലാപ്പില്‍: ഇനി മൂന്നുനാള്‍ കൂടി; നേതാക്കളെല്ലാം പുതുപ്പള്ളിയിലേക്ക്
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ പരസ്യപ്രചരണം അവസാനിക്കാന്‍ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കെ നേതാക്കളെയെല്ലാം പ്രചരണരംഗത്ത് എത്തിക്കാനാണ് മുന്നണികളുടെ ശ്രമം. കോണ്‍ഗ്രസിനായി പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയും ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിനു വേണ്ടി മകന്‍ അനില്‍ ആന്റണിയും ഇന്ന് രംഗത്തിറങ്ങും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്കിനായി മുഖ്യമന്ത്രിയും ഇന്ന് പുതുപ്പള്ളിയില്‍ എത്തും.
മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകളിലായുള്ള പൊതുയോഗങ്ങളിലാണ് എകെ ആന്റണി സംസാരിക്കുക. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, കെ മുരളീധരന്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മണ്ഡലത്തില്‍ സജീവമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നിടങ്ങളിലായി നടക്കുന്ന പൊതുയോഗങ്ങളിലാണ് പങ്കെടുക്കുക.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനാണ് ഇന്ന് നേതൃത്വം നല്‍കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
പ്രതിരോധം തീര്‍ത്ത് പുതുപ്പള്ളി
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ തുടങ്ങിയതോടെ പുതുപ്പള്ളി തിരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. വോട്ടുശതമാനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ നിലവിലെ ഭരണത്തിനുള്ള വിലയിരുത്തല്‍ കൂടിയാകും. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതില്‍ ഭൂരിപക്ഷം കുറഞ്ഞാല്‍ അത് കോണ്‍ഗ്രസിനു തിരിച്ചടിയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അത് തുടര്‍പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചേക്കാം. പുതുപ്പള്ളിയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അങ്ങനെയെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവരുടെ ആത്മവിശ്വാസത്തെ ഉയര്‍ത്താനും കാരണമാകും.
രാഷ്ട്രീയ വാദപ്രതിവാദങ്ങളിലൂടെയാണ് പുതുപ്പള്ളി പ്രചരണം ഇതുവരെ മുന്നോട്ടുപോയത്. ആരോപണ പ്രത്യാരോപണങ്ങള്‍ക്കും സൈബര്‍ പോരാട്ടങ്ങള്‍ക്കും ഇടയിലാണ് പ്രചരണം ശക്തമാക്കിയിരിക്കുന്നത്. വീടുകള്‍തോറും കയറിയിറങ്ങി മണ്ഡലത്തെ ഉഴുതുമറിക്കുകയാണ് മൂന്നു മുന്നണികളും. പ്രചരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ ചാണ്ടി ഉമ്മനും, ജെയ്ക് സി തോമസും, ലിജിന്‍ ലാലും ഓട്ടപ്രദക്ഷിണത്തിലാണ്. ഉമ്മന്‍ ചാണ്ടി എന്ന വികാരത്തിലൂന്നി യുഡിഎഫ് പ്രചരണം സജീവമാക്കിയപ്പോള്‍ വികസനം എണ്ണിപ്പറയാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് ശ്രമിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും യുഡിഎഫും ബിജെപിയും സഖ്യത്തിലാണെന്ന രാഷ്ട്രീയ ആരോപണവും ഉന്നയിച്ച് തിരഞ്ഞെടുപ്പ് ചൂടിനു മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു തുടക്കമിട്ടത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആകട്ടെ എല്ലാ വികസനങ്ങളും യുഡിഎഫിന്റെതാണെന്നും ബിജെപിയെ പ്രതിരോധിക്കാന്‍ ഇന്ത്യ മുഴുവന്‍ നടന്നത് രാഹുല്‍ ഗാന്ധിയാണെന്നും തിരിച്ചടിച്ചു. ഇതിനൊക്കെ ഇടയിലാണ് മൃഗാശുപത്രിയിലെ താല്കാലിക സ്വീപ്പറായിരുന്ന സതിയമ്മയ്ക്കെതിരായ കേസും അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപവും ആളിക്കത്തിയത്.
മുഴുവന്‍ മന്ത്രിമാരും എംഎല്‍എ മാരും പുതുപ്പള്ളി പ്രചരണത്തില്‍ സജീവമാണ്. കെകെ ശൈലജയും പികെ ശ്രീമതിയും അടങ്ങുന്ന വനിതാ നേതാക്കളും രംഗത്തുണ്ട്. ചാണ്ടി ഉമ്മന് ഭൂരിപക്ഷം കുറഞ്ഞാല്‍ ഉത്തരവാദിത്തം തനിക്കാകുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫിന്റെ പ്രചരണം. യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, പികെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും മണ്ഡലത്തില്‍ സജീവമാണ്.
പുതിയ അവകാശിയെ തേടി
1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി 12 തവണ വിജയിച്ച് ഉമ്മന്‍ ചാണ്ടി നിയമസഭാംഗമായ മണ്ഡലമാണ് പുതുപ്പള്ളി. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജെയ്ക് പി തോമസിനെ 9,044 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി പരാജയപ്പെടുത്തിയത്. 2016 ലും ജെയ്ക് തന്നെയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ എതിരാളി. അന്ന് 27,092 വോട്ടുകള്‍ക്കാണ് ഉമ്മന്‍ ചാണ്ടി വിജയം നേടിയത്. 53 വര്‍ഷം പുതുപ്പള്ളിയുടെ മുഖമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ പുതിയ അവകാശി ആരാകുമെന്ന പോരാട്ടം കൂടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഈ മാസം അഞ്ചിനാണ് തിരഞ്ഞെടുപ്പ്. മൂന്നിന് പരസ്യപ്രചരണം അവസാനിക്കും. എട്ടിനാണ് വോട്ടെണ്ണല്‍ നടക്കുക.