രാഹുല്‍ ഗാന്ധി | PHOTO: PTI
കര്‍ണാടകയില്‍ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍; പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും നാളെ ജനങ്ങളുമായി സംവദിക്കും
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. ദേശീയ നേതാക്കളെ ഇറക്കിയാണ് ഇരു പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്.
കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും രാജ്‌നാഥ് സിംഗും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്ന് കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പ്രചാരണം നടത്തും. പ്രിയങ്കാ ഗാന്ധി കര്‍ണാടകയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ കൃഷ്ണരാജനഗരിയില്‍ പ്രിയങ്ക റോഡ് ഷോ നടത്തി. പ്രിയങ്ക ഇന്നും കൂടുതല്‍ റാലികളെ അഭിസംബോധന ചെയ്യും.
കര്‍ണാടകയിലെ 50 ലക്ഷത്തോളം വരുന്ന ബിജെപി പ്രവര്‍ത്തകരുമായി പ്രധാനമന്ത്രി നാളെ ഓണ്‍ലൈന്‍ വഴി സംവദിക്കും. 58,112 ബൂത്തുകളില്‍ ഓരോ ബൂത്തിലും ടെലിവിഷനുകള്‍ സ്ഥാപിച്ചാണ് ആശയവിനിമയം നടത്തുക. പല തവണ മാറ്റിവച്ച രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയും നാളെ നടക്കും. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഉടുപ്പി ജില്ലയിലെ കൗപ് മണ്ഡലത്തില്‍ മത്സ്യത്തൊഴിലാളികളുമായി രാഹുല്‍ സംവദിക്കും. അതേസമയം, വോട്ടര്‍മാരെ നേരിട്ട് കാണാനാണ് അമിത് ഷായുടെ നീക്കം.
പുതിയൊരു കര്‍ണാടക സൃഷ്ടിക്കാന്‍ ബിജെപിക്ക് മാത്രമേ കഴിയൂവെന്നും കോണ്‍ഗ്രസിന് അധികാരം കിട്ടിയാല്‍ വീണ്ടും അഴിമതി ഭരണം കാണേണ്ടി വരുമെന്നും പ്രചാരണ വേളയില്‍ അമിത്ഷാ കുറ്റപ്പെടുത്തുന്നു. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചപ്പോള്‍ സിദ്ധരാമയ്യ അവരെ തുറന്നുവിട്ടുവെന്നും അമിത്ഷാ ആരോപിക്കുന്നു.
അതേസമയം, ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രിയങ്ക ഗാന്ധി ഉന്നയിച്ചത്. സര്‍ക്കാര്‍ 1.5 ലക്ഷം കോടി കൊള്ളയടിച്ചതായി പ്രിയങ്ക ആരോപിച്ചു. കര്‍ണാടകയിലെ പാല്‍ മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും തദ്ദേശീയ പാല്‍ ബ്രാന്‍ഡായ നന്ദിനിയെ സംരക്ഷിക്കുമെന്നും പ്രിയങ്ക ഉറപ്പു നല്‍കി.
തിരഞ്ഞെടുപ്പില്‍ 2,613 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. ഇതില്‍ 2,427 പേര്‍ പുരുഷന്മാരും 185 പേര്‍ സ്ത്രീകളുമാണ്. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് ഒരാളാണ് ഉള്ളത്. ഭരണത്തിലുള്ള ബിജെപി 224 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 223 മണ്ഡലങ്ങളിലേക്കുമാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുള്ളത്. കൂടാതെ, ജെഡിഎസ് 207 മണ്ഡലങ്ങളിലും, ആം ആദ്മി 209 മണ്ഡലങ്ങളിലും, ബഹുജന്‍ സമാജ് പാര്‍ട്ടി 133 മണ്ഡലങ്ങളിലും സിപിഐഎം നാലിടത്തും മത്സരിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ വീറും വാശിയുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഗോദയിലാണ്. 224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മെയ് 10 നും ഫലപ്രഖ്യാപനം മെയ് 13 നും നടക്കും. മെയ് 24 നാണ് നിലവിലെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്.