TMJ
searchnav-menu
post-thumbnail

REPRESENTATIONAL IMAGE

TMJ Daily

പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് ഫെബ്രുവരിയിലെന്ന് റിപ്പോര്‍ട്ട്; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

26 Aug 2023   |   1 min Read
TMJ News Desk

രുന്ന ഫെബ്രുവരിയില്‍ പാകിസ്ഥാനില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സിക്കന്ദര്‍ സുല്‍ത്താന്‍ രാജ. മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കുന്നതിനും വോട്ടര്‍ പട്ടിക പുതുക്കുന്നതിനും ഉള്ള ഒരുക്കങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് സംബന്ധിച്ച് പാകിസ്ഥാന്‍ മുസ്ലിംലീഗ് വിഭാഗം തിരഞ്ഞെടുപ്പു കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിസംബറില്‍ പുനര്‍നിര്‍ണയ പ്രക്രിയ അവസാനിച്ചതിനുശേഷം മാത്രമേ വോട്ടര്‍പട്ടിക പുതുക്കാനുള്ള നടപടികള്‍ ആരംഭിക്കുകയുള്ളൂവെന്നായിരുന്നു സൂചന. ഇതിനിടെയാണ് തിരഞ്ഞെടുപ്പു കമ്മീഷന്റെ പ്രസ്താവന. എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കമെന്ന് കമ്മീഷന്‍ അറിയിച്ചതായി വിദേശ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ലോകം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ്

ദേശീയ അസംബ്ലിയിലെ 342 സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് ഇതോടെ കളമൊരുങ്ങുന്നത്. തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ മുസ്ലിംലീഗ് (നവാസ്) വന്‍ വിജയം നേടുമെന്ന് ഷഹബാസ് ഷെറിഫ് വ്യക്തമാക്കി. ദേശീയ അസംബ്ലി പിരിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പ്രധാനമന്ത്രിയുടെ വിജ്ഞാപനം പാക് പ്രസിഡന്റിന് കൈമാറുകയായിരുന്നു. പ്രസിഡന്റ് ഒപ്പുവച്ചതോടെയാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നത് യാഥാര്‍ത്ഥ്യമാകുന്നത്. പ്രസിഡന്റ് ഒപ്പുവച്ചില്ലെങ്കിലും പ്രധാനമന്ത്രിയുടെ വിജ്ഞാപനം പുറത്തിറങ്ങി 48 മണിക്കൂറിനുശേഷം ദേശീയ അസംബ്ലി സ്വാഭാവികമായും പിരിച്ചുവിടാമെന്നതാണ് നിയമം. പാകിസ്ഥാനില്‍ ഇതുവരെയും ഒരു സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മുന്‍ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി, ബലൂചിസ്ഥാനില്‍ നിന്നുള്ള സ്വതന്ത്ര എംപി അസ്ലം ഭൂട്ടാനി എന്നിവരെ കാവല്‍ പ്രധാനമന്ത്രിമാരായി പരിഗണിക്കുന്നതായും സൂചനയുണ്ട്. കാവല്‍ പ്രധാനമന്ത്രിയെ സംബന്ധിച്ച് സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ സമവായമുണ്ടാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ധാരണയിലെത്തിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് നിര്‍ദിഷ്ട പേരുകളില്‍ നിന്ന് താല്കാലിക പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യും. മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ലണ്ടനില്‍നിന്ന് പാകിസ്ഥാനിലേക്ക് മടങ്ങിയെത്തും. 2018 ല്‍ അഴിമതി കേസുകളില്‍ നവാസ് ഷെരീഫിന് 11 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചെങ്കിലും ചികിത്സയ്ക്കായി തൊട്ടടുത്ത വര്‍ഷം ലണ്ടനിലേക്ക് പോകാന്‍ കോടതി അനുവാദം നല്‍കുകയായിരുന്നു.

2023 ലെ ഡിജിറ്റല്‍ സെന്‍സസിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. ഏകദേശം 22 കോടി ജനങ്ങളാണ് പാകിസ്ഥാനിലുള്ളത്. അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന്‍ ഖാനെ 2022 ഏപ്രിലില്‍ പുറത്താക്കിയതിനെ തുടര്‍ന്നാണ് ഷഹബാസ് ഷെറിഫ് അധികാരത്തിലെത്തിയത്. പാര്‍ലമെന്റ് പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്ന് അന്നുമുതല്‍ ആവശ്യപ്പെടുകയാണ് ഇമ്രാന്‍.


#Daily
Leave a comment