
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം മൂന്ന് മണിക്ക്
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് മൂന്ന് മണിക്ക് വാർത്താസമ്മേളനം നടത്തും. വാർത്താസമ്മേളനത്തിനുള്ള വിഷയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും രാഹുൽ ഗാന്ധി ഉന്നയിച്ച 'വോട്ട് ചോരി' വിഷയത്തിനുള്ള വിശദീകരണവും മറുപടിയുമാവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാവുക എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾക്ക് ഒഴികെ മറ്റ് വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം പതിവല്ല. മഹാരാഷ്ട്ര, കർണാടക, ഹരിയാന എന്നിവിടങ്ങളിൽ വോട്ടർ പട്ടികയിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് പറഞ്ഞ രാഹുൽ ഗാന്ധി, ഇതിനുള്ള വിവിധ തെളിവുകളും തന്റെ വാർത്താസമ്മേളനത്തിനിടെ വിശദീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന ബീഹാറിലെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനപരിശോധനയും വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നുണ്ട്.
ഇന്ത്യയിലുടനീളം 'വോട്ട് ചോരി' വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. പ്രതിഷേധത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 16 ദിവസം നീളുന്ന 'വോട്ടർ അധികാർ യാത്ര' ഇന്ന് ബീഹാറിൽ ആരംഭിക്കും.


