
സുരേഷ് ഗോപി എംപിയുടെ ഇരട്ട വോട്ട് പ്രശ്നമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
കേന്ദ്രമന്ത്രി സുരേഷ്ഗോപി ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തുമായി വോട്ട് ചെയ്തതിൽ നിയമ പ്രശ്നമില്ലെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടിടത്തായി വോട്ട് ചെയ്തതിനെച്ചൊല്ലി വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് കമ്മീഷൻ വ്യക്തത വരുത്തിയത്. രണ്ടും വ്യത്യസ്ത വോട്ടർ പട്ടികയാണെന്നും ഇതിൽ നിയമപരമായ പ്രശ്നങ്ങൾ ഇല്ലെന്നും പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്നും കമ്മിഷൻ അറിയിച്ചു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപ്പറേഷനിലെ നെട്ടിശ്ശേരിയിൽ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേർത്തതും വോട്ട് ചെയ്തതും. എന്നാൽ ഇപ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലും. കോൺഗ്രസും സിപിഐയും ഈ ഇരട്ട വോട്ടിനെതിരെ നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമായ മറുപടി നൽകണമെന്ന് വി എസ് സുനിൽ കുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഏത് മണ്ഡലത്തിൽ മത്സരിച്ചാലും സ്ഥിരമായി ഒരിടത്ത് വോട്ട് ചെയ്യുന്നതാണ് ജനാധിപത്യ മര്യാദയെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും പറഞ്ഞു. കെ കരുണാകരൻ കേരളത്തിന്റെ പല ഭാഗങ്ങളിലായി മത്സരിച്ചിട്ടുണ്ട്, പക്ഷെ അദ്ദേഹത്തിന് ഒരു മേൽവിലാസമേ ഉണ്ടായിരുന്നുള്ളുവെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.


