TMJ
searchnav-menu
post-thumbnail

TMJ Daily

ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് 2025 അവസാനം അല്ലെങ്കില്‍ 2026 ആദ്യം നടത്തും: മുഹമ്മദ് യൂനുസ്

17 Dec 2024   |   1 min Read
TMJ News Desk

ബംഗ്ലാദേശില്‍ 2025 അവസാനം അല്ലെങ്കില്‍ 2026-ന്റെ തുടക്കത്തില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല സര്‍ക്കാരിന്റെ മുഖ്യ ഉപദേശകന്‍ മുഹമ്മദ് യൂനുസ് പറഞ്ഞു. ഇത് രാജ്യത്ത് നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങളെ അനുസരിച്ചിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം ജൂലൈ- ഓഗസ്റ്റില്‍ നടന്ന പ്രതിഷേധങ്ങളില്‍ 16 വര്‍ഷത്തെ ഷെയ്ഖ് ഹസീനയുടെ ഭരണം അവസാനിപ്പിച്ചതിനുശേഷം നടന്ന ആദ്യ വിജയദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് യൂനുസ് രാജ്യത്തെ അഭിസംബോധന ചെയ്തത്.

'തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുമ്പായി പ്രധാനപ്പെട്ട പരിഷ്‌കരണങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഞാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണ്. എങ്കിലും, ഏതാനും പ്രധാനപ്പെട്ട പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുകയും തെറ്റുകളില്ലാത്ത വോട്ടര്‍ പട്ടിക ഉറപ്പാക്കുകയും ചെയ്തശേഷം തിരഞ്ഞെടുപ്പ് നടത്താന്‍ രാഷ്ട്രീയ അഭിപ്രായ ഐക്യം ആവശ്യമാണ്. എങ്കില്‍ 2025 അവസാനം തിരഞ്ഞെടുപ്പ് നടക്കും. മറുവശത്ത്, തിരഞ്ഞെടുപ്പ് പരിഷ്‌കരണ കമ്മിഷന്‍ ആവശ്യപ്പെടുന്ന അധിക പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുകയാണെങ്കില്‍ നമുക്ക് അധികമായി ആറ് മാസം കൂടി വേണം,' യൂനുസ് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ധാക്ക സന്ദര്‍ശിച്ച 19 യൂറോപ്യന്‍ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ പൂര്‍ണ പിന്തുണയും സഹകരണവും അറിയിച്ചുവെന്ന് യൂനുസ് പറഞ്ഞു. 'മിക്ക യൂറോപ്യന്‍ രാജ്യങ്ങളുടേയും എംബസികള്‍ ന്യൂഡല്‍ഹിയിലാണ്. അവരില്‍ പലരും ആദ്യമായി ധാക്ക സന്ദര്‍ശിക്കുന്നവരാണ്. യൂറോപ്യന്‍ യൂണിയന്‍ ബ്ലംഗ്ലാദേശിനൊപ്പം നില്‍ക്കുന്നുവെന്ന സന്ദേശം നല്‍കുന്നതിനാണ് അവര്‍ ഒരുമിച്ച് വന്നത്,' യൂനുസ് പറഞ്ഞു.

സര്‍ക്കാരിന്റെ പരിഷ്‌കരണ നടപടികള്‍ യൂനുസ് നയതന്ത്ര പ്രതിനിധികളെ ധരിപ്പിച്ചു. ലോകബാങ്ക് അടക്കം സാമ്പത്തിക സഹായം നല്‍കുന്ന ഏജന്‍സികളുടെ വിശ്വാസം സര്‍ക്കാര്‍ നേടിയിട്ടുണ്ടെന്നും യൂനുസ് രാജ്യത്തെ അറിയിച്ചു.




#Daily
Leave a comment