PHOTO: WIKI COMMONS
ഇലക്ട്രല്‍ ബോണ്ട് ഭരണഘടന വിരുദ്ധം; റദ്ദാക്കണമെന്ന് സുപ്രീം കോടതി
ഇലക്ട്രല്‍ ബോണ്ടിനെതിരായ ഹര്‍ജികളില്‍ കോടതിയുടെ നിര്‍ണായക വിധി. പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും കോടതി വ്യക്തമാക്കി. ബോണ്ട് വിവരാവകാശത്തിന്റെയും ആര്‍ട്ടിക്കിള്‍ 19(1) എ യുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചുക്കൊണ്ടായിരുന്നു കോടതിയുടെ വിധി പ്രഖ്യാപനം. സംഭാവനകളെക്കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.
ഇലക്ട്രല്‍ ബോണ്ട് കള്ളപ്പണം തടയുമെന്ന കേന്ദ്രസര്‍ക്കാര്‍ വാദവും കോടതി തള്ളി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ട്രല്‍ ബോണ്ടുകളുടെ വിശദവിവരങ്ങള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാര്‍ച്ച് 31 നകം വെബ്‌സൈറ്റില്‍ വെളിപ്പെടുത്തണമെന്ന് കോടതി ഉത്തരവിട്ടു. നിലവില്‍ അംഗീകരിച്ച ബോണ്ടുകള്‍ നിര്‍ത്തിവയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
വിവരാവകാശ ലംഘനമെന്ന് ഹര്‍ജിക്കാര്‍
പദ്ധതി ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. ഇലക്ട്രല്‍ ബോണ്ടുകളുടെ രഹസ്യസ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടര്‍മാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇലക്ട്രല്‍ ബോണ്ടുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ പണം സ്വീകരിക്കുന്നത് ചോദ്യം ചെയ്ത് സിപിഎം, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, ഡോ. ജയ താക്കൂര്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.
2023 നവംബര്‍ 2നാണ് കോടതി കേസ് പരിഗണിച്ചത്. മൂന്ന് ദിവസത്തെ ഹിയറിങ്ങിന് ശേഷം വിധി പറയുന്നത് മാറ്റി വയ്ക്കുകയായിരുന്നു. 2023 സെപ്റ്റംബര്‍ 30 വരെ ഇലക്ട്രല്‍ ബോണ്ട് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ കോടതി ഇലക്ഷന്‍ കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്താണ് ഇലക്ട്രല്‍ ബോണ്ട്
2017 ലാണ് കേന്ദ്രം ഇലക്ട്രല്‍ ബോണ്ട് സംവിധാനം നടപ്പിലാക്കുന്നത്. വിദേശത്തുനിന്നുള്‍പ്പെടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ട്രല്‍ ബോണ്ട്. പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖയില്‍ നിന്നും നിശ്ചിത തുകയ്ക്ക് ബോണ്ടുകള്‍ വാങ്ങാം. 1000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയാണ് ബോണ്ടുകളുടെ മൂല്യം. ഇതിനായി ആര്‍ബിഐ നിയമം, ആദായനികുതി നിയമം, ജനപ്രാതിനിധ്യ നിയമം എന്നിവ ഭേദഗതി ചെയ്തിരുന്നു. പദ്ധതിയുടെ വ്യവസ്ഥകള്‍ പ്രകാരം ആരാണ് പണം നല്‍കിയതെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വെളിപ്പെടുത്തേണ്ടതില്ല. ജനുവരി, ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്ന 10 ദിവസങ്ങളിലായിരിക്കും ബോണ്ട് വിതരണം. പാര്‍ട്ടികള്‍ക്ക് ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വഴി സംഭാവന നല്‍കാന്‍ സാധിക്കും. പദ്ധതി വഴി രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ സാധിക്കുമെന്ന വിമര്‍ശനങ്ങള്‍ പദ്ധതിക്കെതിരെ ഉയര്‍ന്നിരുന്നു.