REPRESENTATIONAL IMAGE: WIKI COMMONS
മാനന്തവാടിയില്‍ ആനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിനത്തിലേക്ക്, ദൗത്യത്തിനായി 18 ടീമുകള്‍ സജ്ജം
മാനന്തവാടിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ ബേലൂര്‍ മഗ്ന എന്ന ആനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ദൗത്യം പുരോഗമിക്കുന്നു. ആന മണ്ണുണ്ടിക്കും ആനപ്പാറയ്ക്കുമിടയിലാണെന്നാണ് നിലവിലെ സൂചന. ദൗത്യത്തിനായി 18 ടീമുകളാണ് തയ്യാറായിരിക്കുന്നത്. 15 ടീമുകള്‍ വനം വകുപ്പില്‍ നിന്നും 3 ടീമുകള്‍ പൊലീസില്‍ നിന്നുമാണ്. മയക്കുവെടിവയ്ക്കുന്ന ആള്‍ക്കുനേരെ ആന അക്രമാസക്തനാകാന്‍ സാധ്യതയുണ്ടെന്ന് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു. കുങ്കിയാനകളുടെ സാന്നിധ്യത്തിലായിരിക്കും ആനയെ മയക്കുവെടി വയ്ക്കുക.
പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങള്‍
ആനയെ പിടികൂടാനുള്ള പരിശ്രമങ്ങള്‍ തുടരവെ തിരുനെല്ലി ഗ്രമപഞ്ചായത്തിലെയും മാനന്തവാടി നഗരസഭയിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ആന ഉള്‍വനത്തിലേക്ക് മാറിയതിനാലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മയക്കുവെടിവച്ച് പിടികൂടാന്‍ സാധിക്കാതിരുന്നത്. ആന നിരന്തരമായി സഞ്ചരിച്ചുക്കൊണ്ടിരിക്കുന്നത് ദൗത്യത്തിന് തടസ്സമാകുന്നുണ്ട്. ഞായര്‍ പകല്‍ രണ്ട് തവണ റേഡിയോ കോളറില്‍ സന്ദേശം ലഭിച്ചതോടെയാണ് വനം വകുപ്പ് മയക്കുവെടിവയ്ക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്.
ഞായര്‍ പുലര്‍ച്ചെ ചേലൂര്‍ മണ്ടുണ്ണി കോളനിയില്‍ നിന്നാണ് സിഗ്‌നല്‍ ലഭിച്ചത്. പകല്‍ 11.45ന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള അപ്പപ്പാറ വളവിന് സമീപം ചെമ്പകപ്പാറയില്‍ ആന ഉണ്ടെന്ന് തിരിച്ചറിഞ്ഞു. പകല്‍ 2.45ന് മയക്കുവെടിവയ്ക്കാന്‍ ഒരുക്കം തുടങ്ങുകയായിരുന്നു. നാല് കുങ്കിയാനകളുടെ സഹായത്തോടെ വനത്തിനുള്ളില്‍ തിരച്ചിലും നടത്തി. ആന കര്‍ണാടകയിലേക്ക് കടക്കുന്നത് തടയാന്‍ ബാവലി പുഴയോട് ചേര്‍ന്നുള്ള വനത്തില്‍ വനപാലകര്‍ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സഞ്ചാരദിശ വീണ്ടും മാറിയതോടെയാണ് ദൗത്യം തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.